കൊച്ചി : തേവക്കൽ വിദ്യോദയ ട്രസ്റ്റിന്റെ ഫണ്ടു തിരിമറി നടത്തിയ കേസിൽ മുൻ ട്രഷറർ അരുൺ വർമ്മക്ക് (69‌) മജിസ്ട്രേട്ട് കോടതി മൂന്നു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോ. പി. ശ്രീകുമാർ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്. 2002 ൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ട്രസ്റ്റ് ഭാരവാഹികൾ ഇതിനെതിരെ നൽകിയ അപ്പീലിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. വിവിധ ബാങ്കുകളിലുണ്ടായിരുന്ന ട്രസ്റ്റിന്റെ 39 ലക്ഷം രൂപ പിൻവലിച്ചു സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നാണ് കേസ്.