സ്വന്തം ലേഖകൻ
തോപ്പുംപടി: ഫിഷറീസ് ഹാർബർ ജംഗ്ഷൻ അപകടമേഖലയാകുന്നു. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച 17കാരിയാണ് ആദ്യം മരിച്ചത്. സ്വകാര്യ ബസിനെ മറികടന്ന് പോകുമ്പോഴാണ് സംഭവം. പിന്നീട് ബൈക്ക് യാത്രികനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. അവസാനത്തെ ഇര വ്യാഴാഴ്ച രാത്രി ബൈക്കിൽ സഞ്ചരിച്ച 53 കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ച് മരിച്ചു. ഈ ഭാഗത്ത് ഓവർ ടേക്കിംഗ് നടത്തിയാൽ മറുവശത്ത് നിന്നും വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തതാണ് പ്രധാന കാരണം. വൺവേയായ ഈ വഴിയിലൂടെയാണ് ടിപ്പർ ലോറികളും മറ്റും ചീറി പായുന്നത്.ഇതിന് മുൻപിൽ തന്നെയാണ് തോപ്പുംപടി പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. എന്നിട്ടും ഒരാളെ പോലും ഇവിടേക്ക് അയക്കാറില്ല . ഇനിയും മരണങ്ങൾ സംഭവിക്കാതിരിക്കാൻ പൊലീസ് ഉണർന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതിന് സമീപത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന 2 സ്ക്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് റോഡ് മുറിച്ചു കടക്കണമെങ്കിൽ നാട്ടുകാരുടെ സഹായം കൂടിയേ തീരൂ. ഇവിടെ ജംഗ്ഷനിൽ അനധികൃത പാർക്കിംഗാണ് അപകടമരണത്തിന് പ്രധാന വില്ലനാകുന്നത്.
#പൊലീസ് എത്തുന്നത് അപകടം ഉണ്ടാവുമ്പോൾ
മരണങ്ങൾ സംഭവിക്കുമ്പോൾ മാത്രം പൊലീസ് ഇവിടത്തെ അനധികൃത പാർക്കിംഗിനെതിരെ നടപടി എടുക്കുന്നത്. ഒരു ട്രാഫിക് പൊലീസ് പോലും ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ എത്താറില്ല. സ്ഥിരമായി ഇവിടെ പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
# 6 മാസത്തിനിടയിൽ 3 മരണം