gas
എടയാറിൽ സി എൻ ജി വിതരണക്കുഴൽ സ്ഥാപിക്കൽ പുരോഗമിക്കുന്നു

ആലുവ: വ്യവസായ മേഖലക്ക് പുത്തൻ ഉണർവാകുന്ന ദ്രവീകൃത പ്രകൃതിവാതക വിതരണ ശൃംഖല എടയാർ വ്യവസായ മേഖലയിൽ സ്ഥാപിച്ചു തുടങ്ങി.

2015ൽ പുതുവൈപ്പിൽ നിന്നും ബിനാനിപുരം വരെ എൽ.എൻ.ജി പൈപ്പ് സ്ഥാപിച്ചെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പിന്നീട് നിർത്തിവച്ചു. ഈ നിർമ്മാണമാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്. ഇന്നല സൗത്ത് ഇന്ത്യൻ ഫെർട്ടിലൈസേഴ്‌സ് വരെ പൈപ്പ് മണ്ണിനടിയിൽ ഇട്ടു. ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് കോപ്പർ പൈപ്പ് യന്ത്രസഹായത്താൽ ഫൈബർ പൈപ്പിനകത്തേക്ക് കയറ്റിയാണ് വാതകം നൽകുന്നത്.

ബിനാനിപുരത്ത് എൽ.എൻ.ജി പൈപ്പ് ഇടൽ 2015 ൽ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ ആണ് ഉദ്ഘാടനം ചെയ്തത്. വീടുകളിലേക്ക് പാചക വാതകം നൽകുന്ന സിറ്റി ഗ്യാസ് പദ്ധതി, വാഹനങ്ങൾക്ക് വാതക ഇന്ധനം നൽകുന്ന സിഎൻജി പദ്ധതികളും പൂർണ്ണ തോതിലായിട്ടില്ല. സിറ്റി ഗ്യാസ് കളമശേരിയിലെ 1500 വീടുകളിൽ മാത്രമാണ് എത്തിയിട്ടുള്ളത്. കൊച്ചി, ആലുവ തുടങ്ങിയ നഗരങ്ങളിൽ കുഴലുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മുഴുവനായിട്ടില്ല.