marad-flat-

കൊച്ചി: മരട്‌ ഫ്ലാറ്റ്‌ വില്പനയിലെ ക്രമക്കേടിൽ ജെയിൻ കോറൽകേവ്‌ നിർമ്മാതാക്കളായ ജെയിൻ ഹൗസിംഗ് ആൻ

ഡ്‌ കൺസ്‌ട്രക്‌ഷൻസിന്റെ ചെന്നൈയിലെ ഓഫീസിൽ ക്രൈംബ്രാഞ്ച്‌ പരിശോധന നടത്തി. കമ്പനി എം.ഡി സന്ദീപ്‌ മേത്തയുൾപ്പെടെ ഡയറക്ടർമാർ ഓഫീസിലുണ്ടായിരുന്നില്ല.

ഇയാളോട്‌ തിങ്കളാഴ്‌ച ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ ക്രൈംബ്രാഞ്ച്‌ നേരത്തേ ആവശ്യപ്പെട്ടിരുന്നു. സന്ദീപ്‌ മേത്തയ്ക്കു പുറമേ കമ്പനിയുടെ ഡയറക്ടർമാരിലൊരാൾ കൂടി കേസിൽ പ്രതിയാകും.
രണ്ട്‌ സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ്‌ നടത്തിയത്‌. ജീവനക്കാരെ ചോദ്യംചെയ്‌ത സംഘം ഓഫീസിൽ നിന്ന്‌ രേഖകൾ പിടിച്ചെടുത്തു. കേസിൽ മരട്‌ പഞ്ചായത്ത്‌ മുൻ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌, മുൻ ജൂനിയർ സൂപ്രണ്ട്‌ പി.ഇ. ജോസഫ്‌, മുൻ യു.ഡി ക്ലാർക്കും നിലവിൽ അരൂർ പഞ്ചായത്ത്‌ സെക്രട്ടറിയുമായ ജയറാം നായിക്‌ എന്നിവരും പ്രതികളാകും.

ഹോളിഫെയ്‌ത്ത്‌ എച്ച്‌.ടു.ഒ ഫ്ലാറ്റ്‌ നിർമാണത്തിലെ ക്രമക്കേടിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ അറസ്‌റ്റിലായ ഹോളിഫെയ്‌ത്ത്‌ ഉടമ സാനി ഫ്രാൻസിസ്‌, മുഹമ്മദ്‌ അഷ്‌റഫ്‌, പി.ഇ. ജോസഫ്‌ എന്നിവർ റിമാൻഡിലാണ്‌. ഒളിവിൽപ്പോയ ജയറാം നായിക്കിനായി അന്വേഷണം ശക്തമാക്കി.

ആൽഫ സെറീൻ ഫ്ലാറ്റ്‌ നിർമാണത്തിലെ ക്രമക്കേടിൽ കമ്പനി ഉടമ പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്‌ച കോടതി വിധി പറയും. സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകളിൽ മൂന്നെണ്ണത്തിന്റെ നിർമാണത്തിലെയും വില്പനയിലെയും ക്രമക്കേടാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നത്‌.