tr
വോട്ടിന്റെ ഓർമ്മക്കായി ഒരു മരം എന്ന പ്രചരണവുമായി ഫിറോസ് അഹമ്മദ് ആലപ്പുഴ

#എന്റെ വോട്ട് എന്റെ അവകാശം.എന്റെ പ്രകൃതിക്ക് എന്റെ മരം

കൊച്ചി: വോട്ടിന്റെ മൂല്യത്തെ കുറിച്ചുള്ള പ്രചരണവുമായി പരിസ്ഥിതി ജൈവ സംരക്ഷണ പ്രവർത്തകനും വനമിത്രാ പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദ് ആലപ്പുഴ കൊച്ചിയിലുമെത്തി. 'വോട്ടിന്റെ ഓർമ്മക്കായി ഒരുമരം' എന്ന സന്ദേശം ജനശ്രദ്ധ നേടുകയാണ്.വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുന്നതിനൊപ്പം സമ്മർദമില്ലാതെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയും, അതിന്റെ ഓർമ്മക്കായി ഒരു വൃക്ഷത്തൈ നട്ട് പ്രകൃതിസംരക്ഷണത്തിന് തങ്ങളുടേതായ പങ്കു നിർവഹിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
'എന്റെ വോട്ട് എന്റെ അവകാശം.എന്റെ പ്രകൃതിക്ക് എന്റെ മരം.' എന്ന മുദ്രാവാക്യവുമായാണ് ഫിറോസ് അഹമ്മദ് ജനങ്ങളിലേക്കെത്തുന്നത്. വൃക്ഷത്തൈ നടീലും വിതരണവും, ബോധവത്ക്കരണ ക്ലാസ്,
വോട്ടിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഉൾക്കൊള്ളിച്ചുള്ള ലഘുലേഖ വിതരണം പ്രചരണത്തിന്റെ ഭാഗമായി നടത്തിയത്. ചേരാനെല്ലൂർ, ചിറ്റൂർ വടുതല, കലൂർ, എളമക്കര, തേവര, ടി.ഡി. ഈസ്റ്റ് സന്നിധി റോഡ്, മാർക്കറ്റ് റോഡ്, ഹൈക്കോർട്ട് റോഡ്, എസ്. ആർ.എം.റോഡ് തുടങ്ങി വിവിധയിടങ്ങളിൽ അദ്ദേഹം പര്യടനം നടത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും തിരുവനന്തപുരം വട്ടിയൂർക്കാവിലും ഫിറോസ് ഇതേ സന്ദേശവുമായി നേരത്തെ പര്യടനം നടത്തിയിരുന്നു