മൂവാറ്റുപുഴ: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ദേശീയ ചലച്ചിത്രമേളയിൽ വിഖ്യാത സംവിധായകൻ ഋതുപർണോ ഘോഷിന് ആദരവൊരുക്കി റെട്രോസ്പെക്ടീവ് വിഭാഗത്തിൽ 'ചിത്രംഗദ : ദി ക്രൗണിങ് വിഷ്' ഉൾപ്പടെഎട്ട് ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. ലിംഗവ്യക്തിത്വം സംബന്ധിച്ച് ഒരു നൃത്തസംവിധായകന് നേരിടേണ്ടി വരുന്ന വിഹ്വലതകളാണ് ചിത്രത്തിലെ പ്രമേയം. അനാമിക ഹക്സർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ഖോടെ കോ ജലേബി ഖിലാ', കാശ്മീരി ഫോക്കസ് വിഭാഗത്തിൽ അശ്വിൻ കുമാർ സംവിധാനം ചെയ്ത 'ഇൻഷാ അല്ലാഹ്, ഫൂട്ബോൾ ', ഹോമേജ് വിഭാഗത്തിൽ മൃണാൾ സെൻ സംവിധാനം ചെയ്ത 'ഇന്റർവ്യൂ', ഡോ. ബിജു സംവിധാനം ചെയ്ത 'കാട് പൂക്കുന്ന നേരം', സമകാലിക ഇന്ത്യൻ സിനിമ വിഭാഗത്തിൽ അഭയ സിംഹ സംവിധാനം ചെയ്ത 'പഠായി', സ്വർണവള ഈശ്വരന്റെ 'കാട്ടുമരം' സമകാലിന മലയാളം സിനിമ വിഭാഗത്തിൽ പി.കെ ബിജുക്കുട്ടൻ സംവിധാനം ചെയ്ത 'ഓത്ത്' എന്നിവയാണ് മറ്റു ചിത്രങ്ങൾ.വെെകിട്ട് 4 .30 മീറ്റ് ദ ഡയറക്ടർ ഓപ്പൺ ഫോറം .

മൂവാറ്റുപുഴ ഇ.വി.എം ലത തിയേറ്ററിൽ വിവിധ വിഭാഗങ്ങളിലായി 30 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. മേള 22 ന് സമാപിക്കും.