മൂവാറ്റുപുഴ: വാഴക്കുളം 2824 നമ്പർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം.മാത്യു ഗ്രീൻവില്ലക്കെതിരെ ഇടതുപക്ഷ മുന്നണി​ അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം പാസായി. ബാങ്കിലെ നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റിനെതിരെ ഇടതുപക്ഷത്തിന്റെ എട്ട് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. സംഘം പ്രസിഡന്റ് കെ.എം.മാത്യുവിനെ അനുകൂലിക്കുന്ന അഞ്ച് പേർ യോഗത്തിന് ഹാജരായില്ല. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ മണി വരണാധികാരിയായിരുന്നു. അവിശ്വാസ ചർച്ചയിൽ ഇടതുമുന്നണിയിലെ എൻ.പി.ഗോപിനാഥൻ നായർ, ഇ.കെ.സുരേഷ്, ടി.ജെ.മത്തായി എന്നിവർ സംസാരിച്ചു.സംഘത്തിൽ സി.പി.എം.നാല്, സി.പി.ഐ രണ്ട്, ജനാധിപത്യകേരള കോൺഗ്രസ് രണ്ട് എന്നിങ്ങനെയാണ് എൽ.ഡി.എഫ് കക്ഷിനില. പ്രസിഡന്റ് കെ.എം.മാത്യുവിനെ അനുകൂലിക്കുന്ന അഞ്ച് പേരടക്കം 13 അംഗ ഭരണസമിതിയാണ് ഭരണം നടത്തുന്നത്.