ആലുവ: മാസങ്ങൾ പിന്നിട്ടിട്ടും പുതിയ ബസ് ടെർമിനൽ നിർമ്മാണം ആരംഭിക്കാത്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിക്കും പൊതുമരാമത്ത് വകുപ്പിനും സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കെട്ടിടം പൊളിച്ച് മാസങ്ങൾ പിന്നിട്ടും പുതിയ ടെർമിനലിന്റെ ശിലാസ്ഥാപനം പോലും നടന്നിട്ടില്ലെന്നാരോപിച്ച് പൊതുപ്രവർത്തകൻ ഡെമിനിക്ക് കാവുങ്കലാണ് കമ്മീഷൻ മുമ്പാകെ പരാതിനൽകിയത്. നിർമ്മാണം വൈകുന്നതിനാൽ യാത്രക്കാർ വെയിലും മഴയും കൊണ്ട് നിൽക്കേണ്ട സാഹചര്യമാണ്. ബസുകൾക്കാണെങ്കിൽ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥലവുമില്ല. സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ റോഡിൽ നിരയായി നിർത്തിയിടുന്നത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കനത്ത ഗതാഗത കുരുക്കിന് കാരണമാകുന്നു. സ്റ്റാൻഡിൽ ചെളിനിറഞ്ഞു.
വിവാദങ്ങൾക്കൊടുവിൽ യാത്രക്കാർക്ക് കയറി നിൽക്കാൻ ഒരു താത്ക്കാലിക ഷെഡ് പണിതത് രണ്ടാഴ്ച മുമ്പ് മാത്രമാണെന്നും ഹർജിയിൽ ആരോപിച്ചു. അടുത്ത കമ്മീഷൻ സിറ്റിംഗിൽ മറുപടി നൽകാനാണ് കമ്മീഷൻ നിർദ്ദേശം.