കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിൽപ്പെട്ട പനമ്പിള്ളി നഗർ മഹാത്മ കോളനിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ കിടപ്പാടം സ്വന്തം പേരിലാക്കാൻ പണമടച്ച് കാത്തിരിക്കുന്നവരുടെ പ്രശ്നത്തിൽ മത്സരരംഗത്തുള്ള മുന്നണികൾ നിലപാട് വ്യക്തമാക്കണമെന്ന് കിടപ്പാട സമരസമിതി ആവശ്യപ്പെട്ടു.
ജി.സി.ഡി.എ ഉദ്യോഗസ്ഥരുടെ സ്വാർത്ഥ താല്പര്യങ്ങൾ മൂലം പാവപ്പെട്ട കുടുംബങ്ങൾ കഷ്ടപ്പെടുകയാണ്. ഒന്നും ഒന്നരയും സെന്റ് സ്ഥലത്തെ പരിതാപകരമായ ചുറ്റുപാടുകളിൽ പൊട്ടിപ്പൊളിഞ്ഞ വീടുകളിൽ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിയാതെ സർവേയും പ്ളാനുകളും നടത്തുകയാണ് ജി.സി.ഡി.എ. ഇതാമൂലം ചില കുടുംബങ്ങൾക്ക് സ്വന്തം കക്കൂസ് സംരക്ഷിക്കാൻ വേണ്ടി ഹൈക്കോടതിയിൽ കേസുകൊടുക്കേണ്ടി വന്നു. ഒരു വികലാംഗ കുടുംബം ജി.സി.ഡി.എയ്ക്ക് മുന്നിൽ സത്യാഗ്രഹമിരുന്നു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അഡി.ചീഫ് സെക്രട്ടറിയെയും ജില്ലാ കളക്ടറെയും പ്രശ്നങ്ങൾ പഠിച്ച് പരിഹാര റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഇതുവരെയായിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സ്ഥാനാർത്ഥികൾക്ക് ബാദ്ധ്യതയുണ്ടെന്ന് കിടപ്പാട സമരസമിതി ജനറൽ കൺവീനർ സി.സതീശനും കൺവീനർ പി.എസ്.ഷാജീവനും പറഞ്ഞു.