justice-antony-dominic
ആലുവ പാലസിൽ നടന്ന സിറ്റിങിൽ മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമനിക് പരാതികൾ പരിഗണിക്കുന്നു

ആലുവ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുമ്പിൽ പരാതിപ്രളയം. ദീർഘനാളത്തെ ഇടവേളക്ക് ശേഷം ആലുവ പാലസിൽ നടന്ന സിറ്റിംഗിൽ 60 പരാതികൾ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമനിക്കിന്റെ പരിഗണനക്കെത്തി. 21 കേസുകൾ തീർപ്പാക്കി. കമ്മീഷന്റെ അടുത്ത സിറ്റിംഗ് നവംബർ 12 ന് നടക്കും.

കെട്ടിടത്തിനും മതിലിനും ഭീഷണിയായ മരം വെട്ടിമാറ്റാൻ അനുമതി വേണമെന്ന പരാതിയിൽ വനംവകുപ്പിനും പൊതുമരാമത്ത് വകുപ്പിനും നോട്ടീസ് അയക്കാൻ തീരുമാനിച്ചു. ആലുവ ബാങ്ക് റോഡിലെ ഹോമിയോ മെഡിക്കൽ ഹാൾ എന്ന സ്ഥാപനത്തിന് വേണ്ടി ശാന്തകുമാരിയാണ് പരാതി നൽകിയത്.

• ചെന്നൈ കെ.ജി ഓക്‌സ് ഫോർഡ് സിംഫണി എന്ന ഫ്ളാറ്റ് നിർമ്മാണ കമ്പനിക്കെതിരെ പാലാരിവട്ടം കളവത്ത് ക്രോസ് റോഡ് ഓക്‌സ്‌ഫോർഡ് സിംഫണിയിലെ താമസക്കാരായ ടി.കെ. കുര്യൻ, കിരൺ തുടങ്ങിയവർ പരാതി നൽകി. നിർമ്മാതാക്കൾക്ക് നോട്ടീസ് അയക്കാൻ കമ്മീഷൻ ഉത്തരവായി.

പണം പൂർണമായും നൽകിയെങ്കിലും ഫ്ളാറ്റിന്റെ പണികൾ പൂർത്തിയാക്കി നൽകിയില്ലെന്നാണ് പരാതി. 2010 അവസാനം പണി പൂർത്തിയാക്കി കൈമാറുമെന്ന് പറഞ്ഞ് 2007 മുതലാണ് പണം വാങ്ങിയത്. മൊത്തം തുകയായ 31 ലക്ഷത്തിൽ 26 ലക്ഷം മുൻകൂർ നൽകി. കോർപറേഷൻ പെർമിറ്റിന് വിരുദ്ധമായ നിർമ്മാണത്തിന്റെ പേരിൽ പിഴ ഒടുക്കിയ ശേഷമാണ് എൻ.ഒ.സി ലഭിച്ചത്. ഇതേ തുടർന്ന് പരാതിക്കാരനടക്കമുള്ളവർ താമസം ആരംഭിച്ചെങ്കിലും നിർമ്മാണം പൂർത്തീകരിച്ചില്ലെന്നാണ് പരാതി.


• പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശ്ശേരിയിൽ എല്ലാ ബസുകൾക്കും സ്‌റ്റോപ്പ് അനുവദിക്കണമെന്ന പരാതിയിൽ കെ.എസ്.ആർ.ടി.സി എം.ഡിയോട് വിശദീകരണം തേടും. സംയുക്ത സമര സമിതിയാണ് പരാതി നൽകിയത്.

• പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരിച്ചയാളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം അനുവദിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദ്ദേശം. 2018 ആഗസ്റ്റ് 17 ന് പ്രളയ രക്ഷാപ്രവർത്തനത്തിനിടയിൽ ഒഴുക്കിൽപെട്ട് മരിച്ച നോർത്ത് ഇടപ്പള്ളി വട്ടേക്കുന്നം വേഴപ്പിള്ളി അബ്ദുൽ ജലീലിൻറെ മകൻ അമീൻ തൗഫീഖാണ് (17) പരാതി നൽകിയത്.
കളമശേരി നഗരസഭ അഞ്ച് ലക്ഷം അനുവദിച്ചെങ്കിലും സർക്കാർ തടഞ്ഞതിനെ തുടർന്നാണ് കമീഷനെ സമീപിച്ചത്.

• ഇൻഫോപാർക്കിന് സമീപത്തെ റോഡ് അപകടങ്ങൾ ഇല്ലാതാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ. പ്രദേശത്ത് അപകടങ്ങളും അപകട മരണങ്ങളും വർദ്ധിക്കുന്നതിനെതിരെ പ്രഫഷണൽ കോൺഗ്രസ് ജില്ല സെക്രട്ടറി എൽദോ ചിറക്കച്ചാലിൽ നൽകിയിരുന്ന പരാതിയിൽ കമീഷൻ പൊതുമരാമത്ത് വകുപ്പിനോട് വിശദീകരണം തേടിയിരുന്നു. സുരക്ഷയുടെ ഭാഗമായി വിവിധ നടപടികൾ സ്വീകരിച്ച് വരികയാണെന്നും എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.