കൊച്ചി: എം.ജി.സർവകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികളെ അനധികൃതമായി വിജയിപ്പിക്കാൻ വേണ്ടി അദാലത്ത് നടത്തുകയും, സിൻഡിക്കേറ്റിന്റെ അംഗീകാരത്തോടെ അവിഹിതമായി മാർക്ക് ദാനം നൽകുകയും ചെയ്ത നടപടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർത്തെന്ന് കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ് കുമാർ പറഞ്ഞു. സർവകലാശാലകളുടെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട പരീക്ഷാ ബോർഡിന് മാത്രമേ മോഡറേഷൻ നൽകാൻ അധികാരമുള്ളു. ഫലപ്രഖ്യാപനത്തിന് മുൻപ് മോഡറേഷൻ നൽകണമെന്നും നിയമമുണ്ട്. ഈ ചട്ടങ്ങളെല്ലാം ലംഘിച്ച്, ഇല്ലാത്ത അധികാരം ഉപയോഗിച്ച് തീരുമാനമെടുത്ത സിൻഡിക്കേറ്റും, സ്വയംഭരണ സ്ഥാപനമായ സർവകലാശാലയിൽ ഇടപെട്ട് അദാലത്ത് നടത്താൻ പ്രേരണ നൽകിയ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസും ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. തെറ്റു തിരുത്താൻ അധികൃതർ തയ്യാറാകണമെന്നും ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഡോ.എം.സി.ദിലീപ് കുമാർ ആവശ്യപ്പെട്ടു. .