logo
അങ്കമാലി വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവ ലോഗോ

നെടുമ്പാശേരി: അങ്കമാലി വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവം 22 മുതൽ 26 വരെ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യവേദിക്ക് പുറമെ നെടുമ്പാശേരി വി.എം.ജി ഹാൾ, അത്താണി സെന്റ് ഫ്രാൻസിസ് അസീസി സ്‌കൂൾ, തുരുത്തിശേരി ഗവ. എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലെ എട്ട് വേദികളിലാണ് മത്സരങ്ങൾ. നാളെ രാവിലെ 10.30 മുതൽ നെടുമ്പാശേരി ഹയർ സെക്കൻഡറി സ്‌കൂളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. രചനാ മൽസരങ്ങൾ 22ന് രാവിലെ 10 മുതൽ അങ്കമാലി ഹോളിഫാമിലി സ്‌കൂളിൽ നടക്കും. 24ന് രാവിലെ 8.45ന് സ്‌കൂൾ മാനേജർ യൂഹാനോൻ മാർ പോളികാർപോസ് പതാക ഉയർത്തും. 10ന് ബെന്നി ബഹനാൻ എം.പി കലോത്സവം ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനാകും. റോജി എം. ജോൺ എം.എൽ.എ, സിനിമാതാരം മാനസ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

304 ഇനങ്ങളിലായി 110 വിദ്യാലയങ്ങളിൽ നിന്നും ആറായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, കലോത്സവസംഘാടകസമിതി ജനറൽ കൺവീനർ ബീന വർഗീസ് തുടങ്ങിയവർ അറിയിച്ചു. 26ന് വൈകിട്ട് ആറിന് സമാപനസമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ മുഖ്യാതിഥിയാകും.