കൊച്ചി: കാൻസർ സുരക്ഷയിലെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ (സി.സി.ആർ.സി) സഹകരണത്തോടെ ത്രിദിന ഓങ്കോളജി സമ്മേളനം (കാൻക്യുർ 2019) സംഘടിപ്പിക്കും. 'കാൻസർ സുരക്ഷയിലെ അസമത്വം ഇല്ലാതാക്കുന്നതിനുള്ള സാങ്കേതികവിദ്യ' എന്നതാണ് കളമശേരിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോണിൽ നവംബർ എട്ടുമുതൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം.
സമ്മേളനത്തിന്റെ ഭാഗമായി നവംബർ 7, 8 തീയതികളിൽ നടക്കുന്ന കാൻസർ ഇന്നൊവേഷൻ ഹാക്കത്തോണിൽ ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിഹാര മാർഗങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് നിർദ്ദേശിക്കാനാവും അർബുദരോഗ വിദഗ്ധർ, ശാസ്ത്രജ്ഞർ, ഭരണാധികാരികൾ, നയകർത്താക്കൾ, ആരോഗ്യ പരിരക്ഷാമേഖലയിലെ സ്റ്റാർട്ടപ്പുകൾ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.വിശദ വിവരങ്ങൾ വെബ്സൈറ്റിൽ : www.canquer2019.in.