വാഹനങ്ങൾ കളക്ടറേറ്റ് വളപ്പിൽ കിടന്ന് നശിക്കുന്നു
തൃക്കാക്കര: ജില്ലാ ഭരണകൂടവകുപ്പിന്റെ മതിൽക്കെട്ടിനുള്ളിൽ തുരുമ്പെടുത്ത് നശിക്കുന്നത് നൂറിലേറെ വാഹനങ്ങൾ. കാലപ്പഴക്കം ചെന്ന സർക്കാർ വാഹനങ്ങളും വിവിധ കേസുകളിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടിയവയുമാണ് കളക്ടറേറ്റ് വളപ്പിൻ കാടുമൂടി തുരുമ്പെടുത്ത് നശിക്കുന്നത്. ഇവ ലേലം ചെയ്ത് നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയായെങ്കിലും വാഹനങ്ങളിപ്പോഴും മഴയും വെയിലുമേറ്റ് നശിക്കുയാണ്. കൃഷി, റവന്യൂ, ജലവിഭവ, വിദ്യാഭ്യാസ വകുപ്പുകളുടേതടക്കം ഒട്ടേറെ വാഹനങ്ങളാണ് തുരുമ്പെടുക്കുന്നത്. ഇവയുടെ മൂല്യം തിട്ടപ്പെടുത്തി റിപ്പോർട്ടുനൽകാൻ ജില്ലാ ഭരണകൂടം മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിരുന്നു. ഒരു വർഷം മുമ്പ് തുരുമ്പെടുത്ത് നശിക്കുന്ന 104 വാഹനങ്ങളുടെ വാല്യു റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ബന്ധപ്പെട്ടവർ കൈമാറി. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. 2009 ൽ കലക്ടറേറ്റിലുണ്ടായ ബോംബ് സ്ഫോടനത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചെങ്കിലും കളക്ടറേറ്റ് വളപ്പ് കാടുകയറിയ നിലയിലാണ്.
ആവശ്യക്കാരുണ്ടായിട്ടും
ലേലം വൈകുന്നു
ആറ് മാസം മുമ്പ് ലേലത്തിനായി എത്തിച്ച 11 ആഢംബര വാഹനങ്ങളും മഴയും വെയിലുമേറ്റ് നശിച്ചു തുടങ്ങി. കേരള ഹൈക്കോടതിയിൽ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് ഇവയെല്ലാം. മാസങ്ങളായി കളക്ടറേറ്റ് വളപ്പിൽ കിടന്ന് നശിക്കുന്ന വാഹനങ്ങൾ നിരവധിയാണ്. ഇവ ലേലം ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളൊന്നും ഇതുവരെ പൂർത്തിയായിട്ടില്ല. കളക്ടറേറ്റ് പരിസരത്തെ വെള്ളക്കെട്ടിൽ പായൽ പിടിച്ച് നാശോന്മുഖമായ നിലയിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ആഢംബര കാറുകൾ. കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോഗത്തിലിരുന്ന വാഹനങ്ങളായതിനാൽ ഇവ സ്വന്തമാക്കാൻ ആവശ്യക്കാർ ഏറെയാണ്.
കളക്ടറേറ്റ് കാടുമൂടി തന്നെ
വിഷപ്പാമ്പുകളും നായ്ക്കളും പെരുകിയ കളക്ടറേറ്റ് വളപ്പ് കാടുമൂടിക്കിടക്കുകയാണ്. ഇതേ തുടർന്ന് കളക്ടറേറ്റ് പരിസരം വൃത്തിയാക്കിയെങ്കിലും തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ ഇനിയും നീക്കം ചെയ്തിട്ടില്ല.
#പത്ത് മിസ്തി ബിഷി ലാൻസറുകളും,
ഒരു ടൊയോട്ട കൊറോള ആൾട്ടിസ്