പ്രസിഡന്റ് സ്ഥാനം നൽകിയില്ലെങ്കിൽ രാജി ഭീഷണിയുമായി വനിത അംഗം

ആലുവ: എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ തന്ത്രപരമായി നേരിട്ടെങ്കിലും എടത്തല ഗ്രാമപഞ്ചായത്തിൽ ഭരണപക്ഷത്തെ ഭിന്നത മറനീക്കി പുറത്തുവരികയാണ്. 21 അംഗ ഭരണസമിതിയിൽ കേവലം ഒരാളുടെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഭരണം നിലനിർത്തുന്നത്.

പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവന്ന കോൺഗ്രസ് അംഗം ഒടുവിൽ രാജിഭീഷണി മുഴക്കുന്നതാണ് നേതൃത്വത്തെ ആശയകുഴപ്പത്തിലാക്കുന്നത്. അവിശ്വാസം ചർച്ചക്കെടുത്ത ദിവസം യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കാനാണ് യു.ഡി.എഫ് അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നത്. എന്നാൽ 12 -ാം വാർഡ് അംഗം കൂടിയായ ഷെറീന ഹസൈനാർ വിപ്പ് കൈപ്പറ്റാൻ തയ്യാറായില്ല. യോഗത്തിൽ പങ്കെടുക്കുമെന്ന് പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. ബ്ളോക്ക് എക്സിക്യൂട്ടീവ് അംഗമായഇവരുടെ ഭർത്താവ് ഇടപെട്ടാണ് നീക്കം തടഞ്ഞത്.

നിലവിലുള്ള പ്രസിഡന്റിനേക്കാളും പാർട്ടിയിൽ സീനിയറായ തനിക്ക് ഒരു വർഷം പ്രസിഡന്റ് പദവി അനുവദിക്കണമെന്നാണ് ഷെറീന ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ നേരത്തെ നേതൃത്വം നൽകിയ വാക്ക് പാലിക്കണമെന്നും അല്ലെങ്കി​ൽ പഞ്ചായത്ത് അംഗത്വം രാജിവെയ്ക്കുമെന്നാണ് ഷെറീനയുടെ ഇപ്പോഴത്തെ നിലപാട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ സീനിയോറിട്ടി പരിഗണിച്ച് തനിക്ക് ലഭിക്കേണ്ട പ്രസിഡന്റ് പദവി 'ഐ' ഗ്രൂപ്പുകാരിയല്ലെന്ന കാരണത്താൽ പുതുമുഖത്തിന് നൽകുകയായിരുന്നുവെന്ന് പാർലിമെന്ററി പാർട്ടിയിൽ ഷെറീന തുറന്നടിച്ചു.

നേതാക്കന്മാരുടെ വാഗ്ദാനം അനുസരിച്ച് ഒക്ടോബറിൽ നിലവിലെ പ്രസിഡന്റ് സ്ഥാനം കൈമാറണം. അത് നടപ്പാക്കാത്തതിനെ തുടർന്ന് മുന്നണിയിൽ മുറുമുറുപ്പുകൾ ഉരുണ്ടുകൂടിയപ്പോഴാണ് എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നത്. നേരത്തെ ഷെറീനയും ഭർത്താവും എ ഗ്രൂപ്പുകാരായിരുന്നു. ഇതിനിടയിൽ ഭർത്താവ് ഐ ഗ്രൂപ്പിലേക്ക് ചേക്കേറുകയും ഷെറീന എ ഗ്രൂപ്പുമായി സഹകരിക്കാതി​രി​ക്കുകയും ചെയ്തതോടെ 'എ' ഗ്രൂപ്പുകാരും ഇവരെ കൈയൊഴിഞ്ഞു. രണ്ട് ഗ്രൂപ്പിലും പെടാത്തതാണ് വിനയായത്.

അർഹതപ്പെട്ട ഒരു കൊല്ലം പ്രസിഡന്റ് പദവി വാങ്ങിത്തരാമെന്ന പ്രവർത്തകരുടെ ഉറപ്പിലാണ് ഷെറീന അവിശ്വാസ ചർച്ചയിൽ നിന്നും അവസാന മണിക്കൂറിൽ വിട്ടുനിൽക്കാൻ തീരുമാനിച്ചത്.ഇതോടെയാണ് വീട്ടിൽ സംരക്ഷണവുമായെത്തിയ പൊലീസ് പിൻവാങ്ങിയത്. വാക്ക് പാലിച്ചില്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി എന്നിവയ്ക്ക് ഷെറീനയുടെ രാജി ഭീഷണിയാകും.