കൊച്ചി : ആലുവ ശിവരാത്രി മണപ്പുറത്ത് നടപ്പാലം നിർമ്മിച്ചതിൽ അഴിമതി ആരോപിച്ച് മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവർക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നടപടി. ഹർജി നവംബർ 18 ന് വീണ്ടും പരിഗണിക്കും.
2014 - 2015 ൽ നടപ്പാലം നിർമ്മിക്കാൻ നിയമങ്ങളും മാനദണ്ഡങ്ങളും അവഗണിച്ച് പ്രവൃത്തി പരിചയമില്ലാത്ത കമ്പനിക്ക് 4.2 കോടി രൂപ അധികമായി നൽകിയെന്നാണ് ആരോപണം. എസ്റ്റിമേറ്റിൽ നിന്ന് വ്യതിചലിച്ച് 41.97 ശതമാനം തുകയാണ് അധികമായി നൽകിയതെന്നും ഹർജിയിൽ പറയുന്നു. വിജിലൻസിന് ഹർജിക്കാരൻ നൽകിയ പരാതിയിൽ വസ്തുതകൾ മനസിലാക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും തുടർ നടപടികൾ വേണ്ടെന്നുമായിരുന്നു കണ്ടെത്തൽ. തുടർന്ന് ഹർജിക്കാരൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയെ സമീപിച്ചു. മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, അൻവർ സാദത്ത് എം.എൽ.എ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ പൊതുമരാമത്ത് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ചീഫ് എൻജിനിയർ പി.കെ. സതീശൻ, സൂപ്രണ്ടിംഗ് എൻജിനിയർ ഇ.പി. ബെന്നി, എക്സിക്യൂട്ടീവ് എൻജിനിയർ ബെന്നി ജോൺ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ കെ.കെ. ഷാമോൻ, അസി. എൻജിനിയർ പീയൂഷ് വർഗീസ്, കരാറുകാരൻ രാജൻ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. അഴിമതി നിരോധന നിയമപ്രകാരം ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് സർക്കാരിന്റെ അനുമതി വേണം. ഇതിനായി 2018 സെപ്തംബർ 24 ന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ഹർജിക്കാരന്റെ ആക്ഷേപം.