സ്വന്തം ലേഖിക
കൊച്ചി: കൊച്ചി കാണാൻ വരുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത അനുഭവമാണ് മെട്രോ യാത്ര. കൊച്ചി മെട്രോയിൽ നിന്ന് യാത്ര കഴിഞ്ഞിറങ്ങുമ്പോൾ കയ്യിലിരിക്കുന്ന ടിക്കറ്റ് സൂക്ഷിക്കണോ കളയണോ എന്ന് ഒരുവട്ടമെങ്കിലും യാത്രക്കാർ ചിന്തിക്കും. മെട്രോ കൊച്ചിക്കാർക്കും അത്ര പ്രിയപ്പെട്ടതാണ്. കലൂർ സ്വദേശി വി.ജി സുരേഷ് കൊച്ചി മെട്രോയിലെ ആദ്യ യാത്രയിൽ തന്നെ ഒരു കാര്യം ഉറപ്പിച്ചിരുന്നു. യാത്ര കഴിഞ്ഞാലും ഓർമ്മക്കൂട്ടിലേക്ക് എടുത്തുവയ്ക്കാവുന്ന രൂപത്തിലേക്കാവും തന്റെ യാത്രാടിക്കറ്റുകളെല്ലാം എന്ന്. അങ്ങനെ കയ്യിലെ ടിക്കറ്റുകൾ കലാവസ്തുക്കളായി മാറി.
ഫാക്ടിൽ നിന്ന് വിരമിച്ച സുരേഷ് ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. പാഴ്‌വസ്തുക്കളിൽ നിന്ന് കലാരൂപങ്ങളുണ്ടാക്കുന്നത് വർഷങ്ങളായി സുരേഷിന്റെ വിനോദമാണ്. ഷാംപൂ കുപ്പികളിൽ നിന്ന് വീഴാതെ നിൽക്കുന്ന 13ാം ഭടൻ, സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ലഭിച്ച സ്റ്റിക്കറുകൾ മാത്രം ഉപയോഗിച്ചുണ്ടാക്കിയ പെൻസ്റ്റാൻഡ്, ഉപയോഗിച്ചു കഴിഞ്ഞ പെൻ, ഇൻഹേലർ കുപ്പി, ചണനൂൽ അങ്ങനെ എന്തും കയ്യിൽ കിട്ടിയാൽ സുരേഷിന്റെ ഭാവന കലാരൂപങ്ങളിലേക്ക് വിടരും. ഉപേക്ഷിക്കപ്പെട്ട മെട്രോ ടിക്കറ്റുകൾ ദുരിതാശ്വാസനിധിയ്ക്ക് മുതൽക്കൂട്ടാവുന്ന സന്തോഷത്തിലാണ് സുരേഷ്.
പ്രദർശനം ഇന്ന്
ഇന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ രാവിലെ 10 മുതൽ 5.30 വരെ ആ കലാവസ്തുക്കൾ പ്രദർശനത്തിനും വിപണനത്തിനും വയ്ക്കും. പ്രദർശനം കാണാനെത്തുന്നവർ 500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്താൽ മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു കലാവസ്തു കയ്യോടെ വീട്ടിൽ കൊണ്ടുപോകാം.
ആശയം രമയുടേത്
അതുകണ്ട സുരേഷിന്റെ ഭാര്യ രമയുടെ മനസ്സിൽ ഒരാശയം. എന്തുകൊണ്ട് മെട്രോയിലെ യാത്രാടിക്കറ്റുകളുപയോഗിച്ച് അലങ്കാര വസ്തുക്കളുണ്ടാക്കി വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാലോ? ആശയം കൊള്ളാമെന്ന് തോന്നിയപ്പോൾ സുരേഷ് മെട്രോ അധികൃതരുമായി സംസാരിച്ചു. ചെറിയ വലിയ ആശയത്തിന് മെട്രോ അധികൃതർ ഗ്രീൻ സിഗ്നൽ തന്നെ നൽകി.
ഏഴുതരം കലാരൂപങ്ങൾ
യേശുവിന്റെയും ഗണപതിയുടെയും ചിത്രങ്ങൾക്ക് ഫോട്ടോഫ്രെയിമുകൾ, റാന്തൽ രൂപം, പെൻസ്റ്റാൻഡ്, ടീ കോസ്റ്റർ, എയർഫ്രഷ്നർ സ്റ്റാൻഡ് എന്നിങ്ങനെ ഏഴുതരം കലാരൂപങ്ങളാണ് സുരേഷ് ഉണ്ടാക്കിയിരിക്കുന്നത്.
#ഒരു മാസം കൊണ്ട് 3000 ടിക്കറ്റുകൾ ഉപയോഗിച്ച് 76 കലാവസ്തുക്കൾ നിർമ്മിച്ചു