കോലഞ്ചേരി: ഡെങ്കി പനിക്കാരുടെ എണ്ണം വർദ്ധിച്ചതോടെ പാഷൻ ഫ്രൂട്ടിന് നല്ലകാലം. ആവശ്യക്കാരേറിയതോടെ കിഴക്കൻ മേഖലയിലെ നിരവധി പച്ചക്കറി കർഷകർ പാഷൻ ഫ്രൂട്ട് കൃഷിയിലേയ്ക്ക് കടന്നു.
ഡെങ്കി പനിക്കാരിലെ രക്താണുവിന്റെ കൗണ്ട് കൂട്ടിയെടുക്കുന്നതിന് ഡോക്ടർമാർ പാഷൻ ഫ്രൂട്ട് കഴിക്കാൻ നിർദേശിക്കുന്നുണ്ട്. അങ്ങിനെയാണ് വലിയ പ്രിയമില്ലാതിരുന്ന സംഗതിയുടെ കാലം തെളിഞ്ഞത്. കൃഷി പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും കൃഷിവകുപ്പും സജീവമായി രംഗത്തുമുണ്ട്.
കൃഷിക്കും എളുപ്പം, വലിയ പരിചരണം വേണ്ടി, കീടബാധ നന്നേ കുറവ്. നല്ല ഇനത്തിൽ നിന്ന് നല്ല വിളവ്. അങ്ങിനെ ഗുണഗണങ്ങൾ ഏറെ. അതിനിടെ ഇപ്പോൾ കിലോ നൂറുരൂപവരെ വിലയും കിട്ടും.
മുറ്റത്ത് നട്ട് ടെറസിൽ പന്തലിട്ടാൽ വീടിനകത്ത് നല്ല കുളിർമ കിട്ടും.
ഈർപ്പവും ജൈവാംശവും ഉള്ള മണ്ണിൽ നന്നായി വളരും. പാഷൻ ഫ്രൂട്ടിൽ നിന്നു വേർതിരിച്ചെടുക്കുന്ന പാസിഫ്ളോറിൻ എന്ന ഘടകം മാനസിക സമ്മർദം അകറ്റാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
വയലറ്റ്, മഞ്ഞ എന്നീ നിറങ്ങളിലാണ് പാഷൻ ഫ്രൂട്ടുള്ളത്.
മഞ്ഞയ്ക്ക് പുളി കൂടുതലാണ്. വയലറ്റിന് മധുരം പുളിക്ക് മുന്നിൽ നിൽക്കും.
നല്ല വിളവിന് ചെടിക്ക് ഒന്നര വർഷത്തെ വളർച്ച വേണം. പൂക്കൾ കായ്കളാകാൻ 3 മാസം. പ്രധാന വിളവെടുപ്പുകാലം മേയ് - ജൂൺ, സെപ്തംബർ - ഒക്ടോബർ മാസങ്ങളാണ്.
ഒരു വള്ളിയിൽനിന്നു ശരാശരി വിളവ് 7-8 കിലോഗ്രാം കായ്കൾ ലഭിക്കുമെന്ന് കടയിരുപ്പിലെ കർഷകനായ എം.വി മോഹനൻ പറഞ്ഞു. കിലോഗ്രാമിന് 60 മുതൽ 90 രൂപ വരെ വില ലഭിക്കുന്നുമുണ്ട്.
ധാരാളം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാമെന്നതാണു പാഷൻ ഫ്രൂട്ടിനെ താരമാക്കിയത്. ജീവകം സി, എ എന്നിവ കൂടുതൽ അളവിൽ അടങ്ങിയിട്ടുണ്ട്. ജ്യൂസും ജെല്ലിയും സ്‌ക്വാഷും നിർമിക്കാൻ പാഷൻ ഫ്രൂട്ട് നല്ലതാണ്.മണവും നിറവും കൂട്ടാൻ രാസവസ്തുക്കൾ ആവശ്യമില്ലെന്നതാണു മറ്റൊരു പ്രത്യേകത.
നീരു പിഴിഞ്ഞെടുത്ത് പഞ്ചസാരയും വെള്ളവും ചേർത്തും കഴിക്കാം. പുറന്തോട് ഉണക്കി വറുത്ത് കൊണ്ടാട്ടമായി ഉപയോഗിക്കുന്നവരുമുണ്ട്. വിത്ത് പാകിയും തണ്ട് മുറിച്ചു നട്ടും നടാം. വിത്ത് മുളപ്പിച്ച തൈകളാണ് കൂടുതൽ നല്ലത്. വിത്ത് എളുപ്പത്തിൽ മുളയ്ക്കാൻ ഒരു ദിവസം നാരങ്ങാ നീരിൽ ഇട്ടു വയ്ക്കാം. മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്ത് ചട്ടിയിലും നടാം.