കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തിലെ വോട്ടർപട്ടികയിൽ 4403 ഇരട്ടവോട്ടുകൾ കണ്ടെത്തിയതായി വി.ഡി. സതീശൻ എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇവരുടെ ബൂത്ത് നമ്പർ, സീരിയൽ നമ്പർ, വിലാസം അടക്കം ചീഫ് ഇലക്ടറൽ ഓഫീസർക്കും റിട്ടേണിംഗ് ഓഫിസർക്കും പരാതി നൽകി. ഇവരുടെ ലിസ്റ്റ് യു.ഡി.എഫ് ബൂത്ത് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. എൽ.ഡി.എഫ് ഇരട്ടവോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചാൽ അതിശക്തിയായി എതിർക്കും. നിയമനടപടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകും. ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു വർഷം തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണിത്.
തേവര പണ്ഡിറ്റ് കറുപ്പൻ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നോട്ടയ്ക്ക് വോട്ടു ചെയ്യണമെന്ന് എൽ.ഡി.എഫ് പ്രചാരണം നടത്തുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ കൈമാറിയ റോഡ് മഴയ്ക്ക് മുമ്പ് നിർമാണം പൂർത്തിയാക്കി തിരികെ ഏൽപിക്കാത്തതിനാലാണ് റോഡ് നിർമാണം നീണ്ടുപോയത്. പ്രദേശത്ത് 600 കുടിവെള്ള കണക്ഷൻ കൂടി നൽകാനുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. തിരഞ്ഞെടുപ്പ് മുമ്പിൽക്കണ്ട് എൽ.ഡി.എഫ് നടത്തുന്ന ശ്രമങ്ങൾ ജനങ്ങളുടെ മുമ്പിൽ വിലപോവില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.