പറവൂർ : ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരയ്ക്കുന്ന ഗോതുരുത്ത് മുസിരിസ് ജലോത്സവം ഞായർ രാവിലെ പത്തിന് ഗോതുരുത്ത് തെക്കേത്തുരുത്ത് പുഴയിൽ നടക്കും. 19 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്ത്. മേഖലയിൽ ഏറ്റവും കൂടുതൽ വള്ളങ്ങൾ മാറ്റുരയ്ക്കുന്ന ജലോത്സവമാണിത്. കുറ്റി താഴ്ത്തിയുള്ള ട്രാക്കിനു പകരം മറൈൻ സിഗ്നൽ ബോയ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. എ വിഭാഗത്തിൽ ഗോതുരുത്തുപുത്രൻ, സെന്റ് സെബാസ്റ്റ്യൻ ഒന്നാമൻ, പുത്തൻപറമ്പിൽ, താണിയൻ, തുരുത്തിപ്പുറം, പൊഞ്ഞനത്തമ്മ, ശ്രീമുത്തപ്പൻ, ഹനുമാൻ ഒന്നാമൻ, സെന്റ് ആന്റണി എന്നീ ഒമ്പത് ഓടിവള്ളങ്ങളും ബി വിഭാഗത്തിൽ ഗോതുരുത്ത്, സെന്റ് സെബാസ്റ്റ്യൻ രണ്ടാമൻ, ജിബി തട്ടകൻ, ഹനുമാൻ രണ്ടാമൻ, ശ്രീമുരുകൻ, ചെറിയപണ്ഡിതൻ, ജി.എം.എസ്, ശ്രീഭദ്ര, കാശിനാഥൻ, മയിൽവാഹനൻ എന്നീ പത്ത് വള്ളങ്ങളും മാറ്റുരയ്ക്കും. ഫാ. തോമസ് കോളരിക്കൽ പതാക ഉയർത്തും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്. ശർമ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. എം.ജെ. റോഷൻ തുഴ കൈമാറും. മധ്യകേരള ബോട്ട് റെയ്സ് വെൽഫയർ അസോസിയേഷന്റെ സഹകരണത്തോടെ ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്സ് ക്ലബാണ് ജലമേള സംഘടിപ്പിക്കുന്നത്.