മരട്: തീരദേശ പരിപാലന നിയമം ലംഘിച്ചതിന് സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിലെ 107 ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. ഇവർ ഇന്ന് രാവിലെ നഗരസഭയിലെത്തി 200 രൂപാ മുദ്രപത്രത്തിൽ ഒപ്പുവയ്ക്കും. രണ്ടു ദിവസത്തിനുള്ളിൽ തുക ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കും. പൊളിച്ചുമാറ്റൽ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽകുമാർ ഇന്നലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ ചെയർമാനായ കമ്മിറ്റിയാണ് തുക അംഗീകരിച്ചത്. ആകെ 343 പേരാണ് ആൽഫ വെഞ്ച്വേഴ്സ്, ഗോൾഡൻ കായലോരം, ജെയിൻ ഹൗസിംഗ്, എച്ച്.ടു.ഒ ഹോളിഫെയ്ത്ത് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളിൽ രേഖാപ്രകാരം ഉടമസ്ഥർ. അതിൽ 241 പേരേ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിട്ടുള്ളൂ. ഇത് വിദഗ്ദ്ധ സമിതിക്ക് കൈമാറി. ഇതിൽ 107പേരുടെ നഷ്ടപരിഹാരമാണ് ആദ്യപടിയായി നൽകുന്നത്.
ഫ്ളാറ്റ് പൊളിക്കൽ തുടങ്ങി
ഫ്ലാറ്റ് പൊളിക്കലിന്റെ പ്രാരംഭ നടപടികൾ ഇന്നലെ ആരംഭിച്ചു. കെട്ടിടം പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോലികൾ വിലയിരുത്തി 25ന് കോടതിയെ അറിയിക്കണം. മുംബയിലെ എഡിഫസ് എൻജിനീയറിംഗ്, ചെന്നൈയിലെ വിജയ് സ്റ്റീൽ കമ്പനികൾക്കാണ് 'പ്രീ ഡിമോളിഷൻ' പണികൾക്കായി ഫ്ലാറ്റുകൾ വിട്ടുനൽകിയത്. ഉൾചുമരുകൾ നീക്കം ചെയ്യുന്നതാണ് ഈ ഘട്ടത്തിലെ പ്രധാനജോലി. സ്‌ഫോടനം നടത്തേണ്ട നിലകളിലെ പുറത്തെ ചുമരുകളും നീക്കും. രണ്ടാംഘട്ടത്തിൽ ഡ്രില്ല് ചെയ്ത് നീക്കാവുന്ന കോൺക്രീറ്റ് ഭാഗങ്ങൾ പൊളിക്കും. ആൽഫ സെറീനിൽ വിജയ സ്റ്റീൽസിലെ 25 തൊഴിലാളികളാണ് പണി ചെയ്യുന്നത്. ജെയിനിലും ഗോൾഡൻ കായലോരത്തും പൊളിക്കൽ തുടങ്ങി. ഹോളിഫെയ്ത്തിൽ ഇന്ന് ആരംഭിക്കും. പൊളിക്കൽ കമ്പനികളുമായി ഇതുവരെ കരാർ ഒപ്പുവച്ചിട്ടില്ല.