കൊച്ചി: പ്രചാരണാവേശം കൊടുമുടിയേറ്റി മുന്നണി പ്രവർത്തകർ കളം നിറഞ്ഞു. കൊട്ടും കുരവയുമായി പതാകകളേന്തി തെരുവിലിറങ്ങിയ പ്രവർത്തകർ വിജയപ്രതീക്ഷകളുടെ ആവേശത്തിലാണ്. ഇന്ന് നിശബ്‌ദപ്രചാരണം. നാളെ പോളിംഗ് ബൂത്തിലേക്ക്. 24 ന് ഒരാൾ പുഞ്ചിരിക്കും. വിജയശ്രീയായി.
ഇന്നലെ കാൽനടയായും സൈക്കിൾ ചവിട്ടിയും വാഹനത്തിലേറിയുമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദിന്റെ പ്രചാരണം. മുന്നണിപ്പോരാളിയായി ഹൈബി ഈഡൻ എം.പിയും ഒപ്പമുണ്ടായിരുന്നു.
മൂന്നു മണിയോടെ മണപ്പാട്ടിപ്പറമ്പിൽ കൊട്ടിക്കലാശത്തിന്റെ കേളികൊട്ടുയർന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകരും ആവേശം നിറയ്‌ക്കാൻ വാദ്യമേളങ്ങളും മുഴങ്ങിയതോടെ ഉത്സവച്‌ഛായയിൽ ടൗൺ ഹാളിന് മുന്നിൽ സമാപനം.
മുൻ എം.പി ഇന്നസെന്റിനെ കളത്തിലിറക്കിയായിരുന്നു ഇടതുമുന്നണി മനു റോയിക്കായി വോട്ടു തേടിയത്. തുറന്ന വാഹനത്തിൽ മനുവിനൊപ്പം ഇന്നസെന്റും നിന്നു. ഇടയ്‌ക്ക് നർമ്മം ചാലിച്ച ചെറു പ്രസംഗങ്ങൾ. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജാഥകളായി എത്തിയ പ്രവർത്തകർ കലൂരിൽ ആവേശതിമിർപ്പിൽ പരസ്യപ്രചാരണം അവസാനിപ്പിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി. രാജഗോപാലിനായി ഒ. രാജഗോപാൽ എം.എൽ.എയും ബി.ജെ.പി ദേശീയസമിതി അംഗം സി.കെ. പദ്മനാഭനും റോഡ് ഷോയിൽ പങ്കെടുത്തു. കുന്നുംപുറത്ത് നിന്നാരംഭിച്ച പ്രചാരണം സി.കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്‌തു. ചിറ്റൂർ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ ഒ. രാജഗോപാലും പങ്കാളിയായി. വൈകിട്ട് പള്ളിമുക്കിൽ നിന്നാരംഭിച്ച റോഡ് ഷോ മാധവഫാർമസി ജംഗ്ഷനിൽ സമാപിച്ചപ്പോൾ വിജയപ്രതീക്ഷയാണ് പ്രവർത്തകർ പങ്കുവച്ചത്.
ഡെപ്യൂട്ടി മേയറായ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ.വിനോദിനെ നേരിട്ട് അക്രമിക്കുന്ന പ്രചാരണതന്ത്രമാണ് അവസാന നിമിഷം ഇടതു മുന്നണി പയറ്റിയത്. തകർന്ന റോഡുകളും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നതുമായിരുന്നു പ്രചാരണായുധം. പാലാരിവട്ടം പാലം അഴിമതി കേസിൽ ആരോപണവിധേയനായ ഇബ്രാഹിംകുഞ്ഞ് എം.എൽ.എയെ മാറ്റി നിറുത്തിയതും ചർച്ചയാക്കി. ഇതിനെല്ലാം മറുപടി നൽകിയും സ്ഥാനാർത്ഥി തന്നെ വീടുകളിലെത്തി വോട്ടർമാരെ കാണുന്നതുമായ പ്രചാരണരീതിയാണ് യു.ഡി.എഫ് പുറത്തെടുത്തത്. വിനോദിന്റെ വർഷങ്ങളായുള്ള രാഷ്‌ട്രീയ പ്രവർത്തനം പൊന്നാപുരം കോട്ടയ്‌ക്ക് പോറലേൽപ്പിക്കില്ലെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. മണ്ഡലത്തിലുള്ള പരിചയം മുതലാക്കി വോട്ടു തേടുന്നതായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി രാജഗോപാലിന്റെ രീതി.