ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിന്റെ തുടക്കത്തിന്റെ ആരവത്തിലായിരുന്നു ഇന്നലെ നഗരം.ഒപ്പം ആരവമില്ലെങ്കിലും ആവേശം കുറയാത്ത നിശബ്ദ പ്രചരണത്തിൽ സ്ഥാനാർത്ഥികളും
കൊച്ചി : ഫുട്ബാളിന്റെ ആരവങ്ങളിൽ നിന്ന് എറണാകുളം ഇന്ന് വോട്ടെടുപ്പിന്റെ ആവേശം ഏറ്റുവാങ്ങും. പൊടിപാറിയ പ്രചാരണം കഴിഞ്ഞ എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതും. ഇടതുവലതു മുന്നണികൾ പ്രതീക്ഷയർപ്പിക്കുന്ന പോരാട്ടത്തിൽ പതിവിലേറെ വോട്ട് നേടുമെന്ന ഉറപ്പിലാണ് എൻ.ഡി.എ.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിന്റെ ആരവം നിശബ്ദ പ്രചരണത്തെ ബാധിച്ചില്ല. സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ ഉറപ്പിക്കുന്ന അവസാനവട്ട തീവ്രയജ്ഞമായിരുന്നു ഇന്നലെ മുന്നണി പ്രവർത്തകരും നേതാക്കളും നടത്തിയത്. പരമാവധി വോട്ട് ചെയ്യിപ്പിക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്.
# വിജയം ഉറപ്പെന്ന് യു.ഡി.എഫ്
സിറ്റിംഗ് സീറ്റായ എറണാകുളത്ത് വിജയം ഉറപ്പെന്ന കണക്കുകൂട്ടിലാണ് യു.ഡി.എഫ്. ടി.ജെ. വിനോദിന് അനായാസവിജയം ലഭിക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും വിട്ടുവീഴ്ചയില്ലാത്ത പ്രചരണമാണ് നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നേടിയ വിജയങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ കരുതലോടെ നീങ്ങി. ടി.ജെ. വിനോദിന്റെ ജനകീയത വിജയം എളുപ്പമാക്കുമെന്ന് കരുതപ്പെടുന്നു. സർക്കാരിനെതിരായ വിധിയെഴുത്ത് കൂടിയാകും എറണാകുളത്തെന്ന് ടി.ജെ. വിനോദും യു.ഡി.എഫ് നേതൃത്വവും പറയുന്നു.
# ശുഭപ്രതീക്ഷയിൽ എൽ.ഡി.എഫ്
അഡ്വ. മനു റോയ് സ്വതന്ത്രനായാണ് മത്സരിക്കുന്നതെങ്കിലും എൽ.ഡി.എഫും പ്രതീക്ഷയിലാണ്. സംസ്ഥാന സർക്കാരിന് അനുകൂലമായും യു.ഡി.എഫിന്റെ നഗരസഭാ ഭരണത്തിന് എതിരായുമുള്ള ജനവികാരം അനുകൂലഘടകങ്ങളാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ തോല്പിച്ച പാരമ്പര്യവും പ്രതീക്ഷ പകരുന്നതാണ്. താഴേത്തട്ടിൽ നടത്തിയ മികച്ച പ്രവർത്തനവും വോട്ടു മറിക്കുമെന്നാണ് കണക്കുകൂട്ടൽ. യുവ സ്ഥാനാർത്ഥിയെന്ന മികവ് യുവാക്കളെ ആകർഷിക്കുമെന്നും എൽ.ഡി.എഫും മനു റോയിയും കരുതുന്നു.
# വോട്ട് വർദ്ധിക്കുമെന്ന് എൻ.ഡി.എ
നഗരത്തിൽ രാഷ്ട്രീയത്തിനുപരിയായി സി.ജി. രാജഗോപാലെന്ന മുത്തുവിന്റെ ജനകീയതയും വ്യക്തിബന്ധങ്ങളും ഇക്കുറി വോട്ട് വർദ്ധിപ്പിക്കുമെന്ന് എൻ.ഡി.എ കരുതുന്നു. രാഷ്ട്രീയമായ വോട്ടുകൾ മുഴുവനും ഇക്കുറി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഒപ്പം വ്യക്തിബന്ധങ്ങൾ മൂലമുള്ള വോട്ടുകളും ലഭിക്കുന്നതോടെ മുൻ തിരഞ്ഞെടുപ്പുകളിലേക്കാൾ വോട്ട് നേടുമെന്ന് സി.ജി. രാജഗോപാലും ബി.ജെ.പി നേതാക്കളും പറയുന്നു.
വോട്ടർമാർ
ആകെ : 1,55,306
പുരുഷന്മാർ : 76,184
സ്ത്രീകൾ : 79,119
മറ്റുള്ളവർ : 3
# സ്ഥാനാർത്ഥികൾ, മുന്നണി, ചിഹ്നം ക്രമത്തിൽ
അഡ്വ. മനു റോയ്, എൽ.ഡി.എഫ് സ്വതന്ത്രൻ, ഓട്ടോറിക്ഷ.
ടി.ജെ വിനോദ്, യു.ഡി.എഫ് കൈ.
സി.ജി രാജഗോപാൽ, ബി.ജെ.പി, താമര.
അബ്ദുൾ ഖാദർ വാഴക്കാല, സമാജ്‌വാദി ഫോർവേർഡ് ബ്‌ളോക്ക്, ക്രെയിൻ.
അശോകൻ, സ്വതന്ത്രൻ, പൈനാപ്പിൾ.
ജെയ്‌സൺ തോമസ്, സ്വതന്ത്രൻ, ഐസ്‌ക്രീം.
ബോസ്‌കോ കളമശേരി, സ്വതന്ത്രൻ, ഹെൽമെറ്റ്.
മനു കെ.എം, സ്വതന്ത്രൻ, ടെലിവിഷൻ.
വിനോദ് എ.പി, സ്വതന്ത്രൻ, ഗ്യാസ് സിലണ്ടർ.
വോട്ട് കുറവ് കുറുങ്കോട്ടയിൽ
കൊച്ചി നഗരസഭയിലും ചേരാനല്ലൂരിലുമായി 53 സ്ഥലങ്ങളിൽ 135 പോളിംഗ് സ്റ്റേഷനുകൾ. ഏറ്റവും കുറവ് വോട്ടർ കുറുങ്കോട്ടയിലെ അംഗനവാടിയാണ്. 271 വോട്ടർമാർ. എളമക്കര ഐ.ജി.എം പബ്‌ളിക് സ്‌ക്കൂളിലെ 42 നമ്പർ ബൂത്തിലാണ് കൂടുതൽ വോട്ടർമാർ. 1474 പേർ.
# വനിതാ ബൂത്ത് എസ്.ആർ.വിയിൽ
പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷൻ 90ാം നമ്പർ ബൂത്തായ എറണാകുളം എസ്.ആർ.വി.എൽ.പി സ്‌കൂളിൽ പ്രവർത്തിക്കും. വനിത പോലീസുകാർ മാത്രമാകും ഡ്യൂട്ടി ചെയ്യുക.
# ഹരിത തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ്. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ തരംതിരിച്ച് കൈകാര്യം ചെയ്യാൻ സൗകര്യങ്ങൾ ഒരുക്കി. ബൂത്തുകളിൽ ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കാൻ ഗ്രീൻ വാളന്റിയേഴ്‌സ് പ്രവർത്തിക്കും. വോട്ടെടുപ്പിനു ശേഷം പ്രചരണ വസ്തുക്കളും സ്ലിപ്പുകളും തരംതിരിച്ച് ശേഖരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുന:ചംക്രമണം ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.