കൊച്ചി: തദ്ദേശീയരും വിദേശീയരുമായ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടയിടങ്ങളിലൊന്നാണ് കൊച്ചിയിലെ കടൽത്തീരങ്ങൾ. എന്നാൽ ലോകത്തിലെ എല്ലാ തീരങ്ങളും പോലെ ഏറ്റവും കൂടുതൽ മാലിന്യം അടിയുന്നയിടങ്ങളെന്ന ഖ്യാതിയിൽ നിന്ന് ഇവിടുത്തെ തീരങ്ങൾക്കും മോചനമില്ല. കടലിലെ മാലിന്യത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ കൊല്ലത്ത് നടപ്പിലാക്കുന്ന ശുചിത്വസാഗരം പദ്ധതി സംസ്ഥാന സർക്കാർ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ജില്ലയിലെ മത്സ്യത്തൊഴിലാളികളും ആശ്വാസത്തിലാണ്. കടലിലെ മാലിന്യം കുറയുമ്പോൾ മത്സ്യസമ്പത്ത് വർദ്ധിക്കുമെന്ന പ്രതീക്ഷയാണ് അവർക്ക്.

പുഴയിലേക്ക് തള്ളുന്ന കാരിബാഗുകൾ, പ്ലാസ്റ്റിക് ചാക്കുകൾ, സാനിട്ടറി നാപ്കിനുകൾ, ചെരിപ്പുകൾ, പ്ലാസ്റ്റിക്ക് കുപ്പികൾ, റബർ വസ്തുക്കൾ എന്നിവയാണ് കൂടുതലായും കടലിലേക്ക് ഒഴുകി എത്തുന്നത്. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കൂടുകളിലും മറ്റും കുടുങ്ങി നിരവധി മത്സ്യങ്ങൾ ചത്തുപോകാറുണ്ട്. മുട്ടയിടുന്ന മീനുകൾ, നീരാളി, ചെമ്മീൻ തുടങ്ങിയവയുടെ പ്രജനനം ഇല്ലാതാകുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറ്റപ്പെടുന്ന ഗുരുതര സാഹചര്യമാണുള്ളത്. പ്ലാസ്റ്റിക് സാന്നിദ്ധ്യം കടലിൽ വർദ്ധിച്ചതോടെ മീനുകൾക്ക് അടിത്തട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് സി.എം.എഫ്.ആർ.ഐ കണ്ടെത്തിയിരുന്നു.

ശുചിത്വസാഗരം പദ്ധതി

മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ കടലിലെ പ്ലാസ്റ്റിക് ശേഖരിക്കും. ആ മാലിന്യം കരയിലെത്തിച്ച് സംസ്‌കരിക്കുന്നതാണ് ശുചിത്വ സാഗരം പദ്ധതി. ഇതുവരെ കേരളത്തിൽ 9,000 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതായാണ് കണക്ക്. തിരഞ്ഞെടുക്കപ്പെടുന്ന 30 വനിതകൾ രണ്ട് ഷിഫ്ടുകളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും പ്ലാസ്റ്റിക് തരം തിരിക്കുകയും ചെയ്യും. പൊട്ടിയ വലകൾ, കയർ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവർ, തുണി തുടങ്ങിയവയൊക്കെ പ്രത്യേക തരംതിരിക്കും. നാരുകളായി മാറ്റപ്പെടുന്ന രീതിയിലാണ് പൊടിക്കുന്നത്.

#ഒരു ദിവസം 200 കിലോയോളം മാലിന്യങ്ങൾ സംസ്‌കരിക്കും

#ഒരു കിലോ 22 രൂപ നിരക്കിൽ പി.ഡബ്ല്യു.ഡി മുഖാന്തിരം റോഡ് ടാറിംഗിന് നടത്തും

#കൂട്ടായ പരിശ്രമം വേണം

കടലിനും കായലിനും താങ്ങാവുന്നതിന്റെ പത്തിരട്ടി പ്ളാസ്റ്റിക് മാലിന്യങ്ങളാണ് ഇപ്പോഴുള്ളത്.മാലിന്യത്തിന്റെ അവശിഷ്‌ടങ്ങൾ മത്സ്യങ്ങൾ വഴി മനുഷ്യരിലേക്കെത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇതുസംബന്ധിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. കടലിലെ പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കുന്നതിനായി മത്സ്യത്തൊഴിലാളികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണ്.

ചാൾസ് ജോർജ്,മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ്