കൊച്ചി: വാഹനമിടിച്ച് തകർന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ ഒന്നര മണിക്കൂറോളം മുന്നറിയിപ്പില്ലാതെ ഗതാഗത തടസ്സം സൃഷ്ടിച്ച് കെ.എസ്.ഇ.ബി. വെെറ്റില-തിരുവാങ്കുളം ദേശീയപാതയിൽ ചമ്പക്കരയിൽ പുതിയതായി നിർമ്മിച്ച പാലത്തിനടുത്താണ് കഴിഞ്ഞ ദിവസം വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് വളഞ്ഞത്. ഇതിനെ തുടർന്ന് വെെദ്യുതി തടസ്സപ്പെട്ടിരുന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കെ.എസ്.ഇ.ബി. വെെറ്റില ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർ ടി.കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ പുറമെ നിന്നുള്ള തൊഴിലാളികളടക്കം പത്തോളം പേർ എത്തിയത്. വലിയ ക്രെയിൻ ഉപയോഗിച്ച് പോസ്റ്റ് പിഴുതെടുത്ത് മാറ്റുകയായിരുന്നു. മുന്നിറിയിപ്പില്ലാതെ പ്രവൃത്തികൾ തുടങ്ങിയതോടെ ഇരു ദിശയിലേക്കുമുള്ള വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ ട്രാഫിക് ഉദ്യോഗസ്ഥർ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയതോടെ വാഹനങ്ങളുടെ നീണ്ട നിരതന്നെ ഇരു ഭാഗത്തും രൂപപ്പെട്ടു. ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനെ കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് ഒന്നേ കാലോടെയാണ് പണികൾ പൂർത്തീകരിച്ചതിനുശേഷം വാഹനങ്ങൾക്കു കടന്നുപോകാൻ കഴിഞ്ഞത്. മെട്രോ , പാലം തുടങ്ങിയവയുടെ നിർമ്മാണ പ്രവൃത്തികൾ മൂലം ഈ റോഡിൽ ഗതാഗതം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് കെ.എസ്.ഇ.ബി അധികൃതരുടെ അരങ്ങേറിയത്. വെെദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചിരുന്നില്ലെന്ന് തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് അറിയിച്ചു.