gothuruth-vallamkali-
ഗോതുരുത്ത് മുസിരിസ് ജലോത്സവത്തിന്റെ ഫൈനൽ മത്സരത്തിൽ നിന്ന്

പറവൂർ : പെരിയാറിന്റെ കൈവഴിയായ മൂത്തകുന്നം പുഴയിൽ നടന്ന ഗോതുരുത്ത് മുസിരിസ് ജലോത്സവത്തിൽ എ വിഭാഗത്തിൽ നെർബോൺ ആന്റണിയും ഫെർണാണ്ടോ ഫിജോയും ക്യാപ്ടന്മാരായ തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ തുരുത്തിപ്പുറവും ബി വിഭാഗത്തിൽ സിബീഷ് തൈക്കൂടം ക്യാപ്ടനായ തൈക്കൂടം ബോട്ട് ക്ലബിന്റെ ശ്രീമുരുകനും ജേതാക്കളായി. എ വിഭാഗത്തിൽ സിബീഷ് തൈക്കൂടം ക്യാപ്ടനായ തൈക്കൂടം ബോട്ട് ക്ലബിന്റെ സെന്റ് ആന്റണിയും ബി. വിഭാഗത്തിൽ സാലി പത്രക്കടവിൽ ക്യാപ്ടനായ ഗോതുരുത്ത് ബോട്ട് ക്ലബിന്റെ ഗോതുരുത്തിനുമാണ് രണ്ടാം സ്ഥാനം. ഈ സീസണിലെ നാലാം കിരീടമാണ് തുരുത്തിപ്പുറം സ്വന്തമാക്കിയത്.

ഇരുവിഭാഗങ്ങളിലുമായി 19 വള്ളങ്ങളാണ് മത്സരിച്ചത്. മധ്യകേരള ബോട്ട് റെയ്സ് വെൽഫയർ അസോസിയേഷന്റെ സഹകരണത്തോടെ ഗോതുരുത്ത് മുസിരിസ് ബോട്ട് റെയ്സ് ക്ലബ് ആണ് ജലമേള സംഘടിപ്പിച്ചത്. രക്ഷാധികാരി ഫാ. തോമസ് കോളരിക്കൽ പതാക ഉയർത്തി. വി.ഡി.സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.ജെ. റോഷൻ അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ശിവശങ്കരൻ ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ജോൺസൺ റോച്ച, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, നിത സ്റ്റാലിൻ, ടൈറ്റസ് ഗോതുരുത്ത് തുടങ്ങിയവർ സംസാരിച്ചു.