കൊച്ചി: 'എന്നെ വിജയിപ്പിക്കണം ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും' എന്ന ഉറപ്പുമായി ബി .ജെ .പി സ്ഥാനാർഥി സി.ജി.രാജഗോപാൽ നിശബ്ദ പ്രചാരണ നാളിൽ വോട്ടർമാരുടെ സമീപമെത്തി. രാവിലെ രാജഗോപാൽ പഠിച്ച കതൃക്കടവ് സെന്റ് ജോക്കിംസ് സ്‌കൂളിന് മുന്നിൽ വോട്ടഭ്യർത്ഥിക്കാനെത്തിയപ്പോൾ കാണുന്നവരെല്ലാം തന്റെ സുഹൃത്തുക്കളും നാട്ടുകാരും. അമ്മമാരും ,കുട്ടികളും സ്ഥാനാർത്ഥിയെ തിരിച്ചറിഞ്ഞ് ചുറ്റുംകൂടി. പിന്നീട് പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തിയവരെ കണ്ട് അനുഗ്രഹം തേടിയ സ്ഥാനാർത്ഥി സമീപമുള്ള കടകളിലെത്തി തിരഞ്ഞെടുപ്പ് ചർച്ചയുടെ ഭാഗമായി. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും നഗരസഭ ഭരണത്തിന്റെ പിടിപ്പുകേടും ആയിരുന്നു ചർച്ചാ വിഷയം.
ശേഷം പാർട്ടി നേതാക്കളുമായി ഹ്രസ്വമായ കൂടിക്കാഴ്ച. കണക്കുകൂട്ടലുകൾക്ക് ശേഷം തികഞ്ഞ ആത്മവിശ്വാസത്തോടെ അവസാനവട്ട വോട്ടുറപ്പിക്കലിനായി ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ടു.എൻ.എസ്.എസ് , എസ്.എൻ.ഡി.പി യോഗം നേതാക്കളെയും വിവിധ സമുദായ നേതാക്കളെയും സന്ദർശിച്ചു ഒരിക്കൽ കൂടി വോട്ട് ഉറപ്പാക്കി.
തങ്ങളുടെ വോട്ടുകൾ കഴിയുന്നത്ര നേരത്തെ ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നുംകള്ള വോട്ട് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട മുൻകരുതൽ എടുക്കണമെന്നും ബൂത്ത് പ്രവർത്തകർക്കും എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റികൾക്കും സ്ഥാനാർത്ഥി നിർദേശം നൽകി.
എറണാകുളത്ത് ബി.ജെ.പി ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തുമെന്നും വിജയത്തിൽ കുറഞ്ഞ ഒന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ലെന്നും ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.