കൊച്ചി : കളി ആരംഭിക്കുന്നതിന് മുമ്പ് ഒരു മണിക്കൂറോളം തിമിർത്തു പെയ്തെങ്കിലും അടങ്ങാതെ സ്റ്റേഡിയത്തിൽ നൂലായി പൊഴിഞ്ഞ മഴയ്ക്കും കാൽപ്പന്തുകളിയുടെ ആവേശം തെല്ലും തണുപ്പിക്കാൻ കഴിഞ്ഞില്ല. കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ഒഴുകിയെത്തിയ ഫുട്ബാൾ പ്രേമികൾ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ആറാം പതിപ്പിന്റെ തുടക്കം ഉത്സവമാക്കി മാറ്റി.
ഇന്നലെ രാവിലെ മുതൽ ആരാധകരുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. വടക്കൻ ജില്ലകളിൽ നിന്നായിരുന്നു പ്രധാന പ്രവാഹം. ഉച്ചയോടെ ആകാശം മൂടിക്കെട്ടിയത് ആശങ്കയ്ക്ക് വഴി മാറി. കേരള ബ്ളാസ്റ്റേഴ്സിന്റെ ജേഴ്സിയണിഞ്ഞും തൊപ്പിധരിച്ചും മുഖത്ത് മഞ്ഞച്ചായം പൂശിയും ആയിരങ്ങൾ ഒരുങ്ങുന്നതിനിടെയാണ് വൈകിട്ട് നാലോടെ മഴ ആരംഭിച്ചത്. ഒരു മണിക്കൂർ തിമിർത്തുപെയ്ത മഴയുടെ കുളിരുമായാണ് ആരാധകർ സ്റ്റേഡിയത്തിൽ പ്രവേശിച്ചത്.
ദൃശ്യവിരുന്നൊരുക്കിയ ഉദ്ഘാടനചടങ്ങ് ആരംഭിക്കുംമുമ്പേ സ്റ്റേഡിയം നിറഞ്ഞ പതിനായിരങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. മെക്സിക്കൻ തിരമാലകൾ ഉയർത്തിയും മൊബൈൽ ദീപം തെളിച്ചും ആരവം മുഴക്കി. ഉദ്ഘാടന ചടങ്ങിലേയ്ക്ക് കടന്നുവന്ന ഐ.എസ്.എൽ ചെയർപേഴ്സൺ നിത അംബാനിയും ആരാധകരെ കൈയിലെടുത്തു. നമസ്കാരം കേരള എന്നു മലയാളത്തിൽ പറഞ്ഞ നിതയെ കൈയടിച്ച് സ്വീകരിച്ചു. ഫുട്ബാളിനോട് മലയാളികൾ എക്കാലത്തും പുലർത്തുന്ന വൈകാരികതയും വിശ്വാസവും പ്രണയവും ഐ.എസ്.എൽ സംഘടിപ്പിക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. നിയുക്ത ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, നടൻ ചിരഞ്ജീവി, സഞ്ജയ് ഗുപ്ത, ബോളിവുഡ് താരങ്ങളായ ടൈഗർ ഷിറോഫ്, ദിശ പട്ടാണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ആറേ മുക്കാലിന് ബ്ളാസ്റ്റേഴ്സ് താരങ്ങൾ പന്തുമായി കളത്തിലിറങ്ങിയതോടെ ആവേശം അലതല്ലി. കൈയടിച്ചും ആരവം മുഴക്കിയും പ്രിയപ്പെട്ട ടീമിനെ ആരാധകർ സ്വീകരിച്ചു. മുഖ്യ കോച്ച് എൽക്കോ ഷറ്റോറി ഗ്രൗണ്ടിലെത്തിയപ്പോഴും ആരാധകരുടെ വക വൻസ്വീകരണമായിരുന്നു.
ഏഴരയ്ക്ക് കുട്ടികളുടെ കൈപിടിച്ച് ബ്ളാസ്റ്റേഴ്സ് താരങ്ങൾ എത്തിയപ്പോൾ കരഘോഷവും ആരവവും ആർപ്പുവിളികളുമായാണ് സ്വീകരിച്ചത്. മഞ്ഞപ്പതാക വീശിയും മൊബൈൽ വെളിച്ചം തെളിച്ചും ചെണ്ട കൊട്ടിയും ബ്ളാസ്റ്റേഴ്സിന് ആരാധകർ പിന്തുണ അറിയിച്ചു. മൂന്നാം നിലയിലെ ഗാലറിയിൽ നിന്നുയർന്ന പടുകൂറ്റൻ ബാനർ ആരാധകരുടെ മോഹം പ്രകടിപ്പിച്ചു. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കൂ, ബ്ളാസ്റ്റേഴ്സ് എന്നായിരുന്നു ബാനറിൽ എഴുതിയിരുന്നത്. ഈ സീസണിൽ ബ്ളാസ്റ്റേഴ്സ് എങ്ങനെയാകണമെന്ന സന്ദേശം കൂടിയായി ബാനർ.
ആദ്യഗോളിൽ ഞെട്ടി, തിരിച്ചടിയിൽ ആനന്ദം
കളിയുടെ ആദ്യത്തെ അഞ്ചുമിനിറ്റിനകം തന്നെ എ.ടി.കെ ആദ്യഗോൾ നേടിയത് സ്റ്റേഡിയത്തെ ഞെട്ടിച്ച പ്രകടനമായിരുന്നു. തികച്ചും അപ്രതീക്ഷിത നിമിഷത്തിലാണ് തനിച്ചെത്തി കാൾ ജെറാദ് മ്യൂഗ് ഗോൾ വീഴ്‌ത്തിയത്. സ്റ്റേഡിയമാകെ നിശബ്ദമായി. എ.ടി.കെ.യുടെ ജേഴ്സി ധരിച്ച ഏതാനും ആരാധകർ ആവേശം കൊണ്ടെങ്കിലും ബ്ളാസ്റ്റേഴ്സ് ആരാധകർ തരിച്ചിരുന്നുപോയി.
ബ്ളാസ്റ്റേഴ്സിന്റെ നായകൻ ബർത്തലോമിയോ ഒഗ്ബാച്ചെ തിരിച്ചടി നൽകി സമനിലയും പിന്നാലെ ലീഡും പിടിച്ചതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. ഗോളിലേയ്ക്ക് എത്തിയ പന്തിൽനിന്ന് പെനാൽറ്റി ബ്ളാസ്റ്റേഴ്സിന് ലഭിച്ചു. ഒഗ്ബാച്ചെ അടിച്ചുപറത്തിയ പന്ത് കൃത്യമായി വലയിൽ പതിച്ചു. സമനില പിടിച്ചതോടെ സ്റ്റേഡിയം വീണ്ടും ആവേശത്തിലായി.
കളിയുടെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് ബ്ളാസ്റ്റേഴ്സ് ലീഡ് നേടിയത്. ഇടതുമൂലയിൽ നിന്ന് സെർജിയോ സിൻഡോൻച നൽകിയ പാസാണ് ഗോൾമുഖത്തു നിന്ന് ഒഗ്ബാച്ചെ അനായാസം അടിച്ചുപറത്തിയത്. എ.ടി.കെയുടെ ഗോൾകീപ്പർ അരിൻഡാം ഭട്ടാചാര്യയുടെ കൈയിൽ തട്ടിയെങ്കിലും പന്ത് വലയിൽ പതിച്ചു. ലീഡ് നേടിയതോടെ ആരാധകരുടെ ആവേശം അലയടിച്ചു.
ബ്ളാസ്റ്റേഴ്സിന്റെ ആദ്യകളിക്കിറങ്ങിയവരിൽ കെ. പ്രശാന്ത് മാത്രമായിരുന്നു ഏക മലയാളി. പകരക്കാരായി രാഹുൽ കണ്ണോളി, സഹൽ അബ്ദുൾ സമദ്, ഷിബിൻ രാജ് കുന്നിയിൽ എന്നിവർ പുറത്തും.