കിഴക്കമ്പലം:റോഡ് പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് താഴ്ത്തിയ കാന മൂടിയില്ല. എതിരെ നിന്നു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ കാർ കാനയിൽ വീണു. ആർക്കും പരിക്കില്ല. കിഴക്കമ്പലം പട്ടിമറ്റം റൂട്ടിൽ കണ്ടങ്ങൽ താഴം ഇറക്കത്തിൽ ഇന്നലെ വൈകിട്ടാണ് അപകടം.കിഴക്കമ്പലം നെല്ലാട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പാണ് കാന നിർമ്മിക്കുന്നതിന് ഇവിടെ താഴ്ത്തിയത്. പിന്നീട് നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ സ്ളാബിട്ട് മൂടിയില്ല. റോഡിന് വീതികുറഞ്ഞ ഈ പ്രദേശത്ത് കാന കാട് കയറി നിറഞ്ഞതോടെ കാന തിരിച്ചറിയാൻ കഴിയാറില്ല. റോഡ് വീതികുറഞ്ഞ ഭാഗമായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് പരസ്പരം കടന്ന് പോകാൻ പറ്റാത്ത അവസ്ഥയാണ്. വാഹനങ്ങൾ സൈഡിലേക്ക് ഒതുക്കുമ്പോൾ അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്.