ആലുവ: മതപ്രഭാഷണത്തിന്റെ അനൗൺസ് മെന്റ് നടത്തുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മകന് പരിക്കേറ്റു. കടുങ്ങല്ലൂർ ഏലൂക്കര തച്ചവള്ളത്ത് വീട്ടിൽ മൂസാക്കുട്ടിയുടെ മകൻ ബീരാൻ (48) ആണ് മരിച്ചത്. മകൻ മുഹമ്മദ് ഫഹദിനെ (10) പരിക്കുകളോടെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലോടെ അശേകപുരം - എൻ.എ.ഡി റോഡിൽ കൊടികുത്തുമലയിലാണ് സംഭവം. വേഗത കുറച്ചായിരുന്നു ഓട്ടോറിക്ഷ വന്നതെങ്കിലും ഇറക്കത്തിൽ കുഴിയിൽ ചാടാതെ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാർ ഉടനെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ബീരാന്റെ ജീവൻ രക്ഷിക്കാനായില്ല. മുജാഹിദ് ഇന്നലെ ഉളിയന്നൂരിൽ സംഘടിപ്പിച്ച മതപ്രഭാഷത്തിന്റെ അനൗൺസ്മെന്റ് വാഹനത്തിൽ പിതാവിനൊപ്പം പോയതാണ് ഫഹദ്.
ബീരാന്റെ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 11 മണിയോടെ ഏലൂക്കര തെക്കേ പള്ളിയിൽ കബറടക്കും.