കിഴക്കമ്പലം: കാത്തിരുന്നു മടുത്തു, കിഴക്കമ്പലം ബൈപ്പാസ് റോഡ് നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് നന്നാക്കി. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്തയെ തുടർന്നാണ് നടപടി. ഇന്നലെ രാവിലെ റെഡി മിക്സ് കോൺക്രീറ്റ് ഉപയോഗിച്ചാണ് കുഴി നികത്തിയത്. മഴ ഇല്ലാതിരുന്നതിനാൽ കുഴിയിൽ നിന്നും വെള്ളം കളഞ്ഞ ശേഷം കോൺക്രീറ്റിട്ടു കുഴി നികത്തി. ഇതു വഴി ബസ് സ്റ്റാൻഡിലേയ്ക്കെത്തുന്ന വാഹനങ്ങളും ഇരു ചക്ര വാഹന യാത്രികരും ബുദ്ധിമുട്ടിലായിരുന്നു. എറണാകുളം, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ നിന്നെത്തുന്ന സ്വകാര്യബസുകൾ ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതിനായി കിഴക്കമ്പലം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത് ഇതുവഴിയാണ്. സമീപത്തു പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. കുഴിയിറങ്ങി നിരങ്ങിനീങ്ങുന്ന വാഹനങ്ങളുടെ അടിഭാഗങ്ങൾ റോഡിൽ മുട്ടുന്നതും പതിവായിരുന്നു .പഞ്ചായത്ത് ഓഫീസിൽ എത്തണമെങ്കിലും ഈ കുഴി താണ്ടിയല്ലാതെ എത്താനാകില്ല.
പൊതുമരാമത്ത് വകുപ്പ് അധികാരികളെ അറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയില്ല.