കാലടി: മലയാറ്റൂർ റോഡിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിന്റെ ഉയരക്കുറവും കാനകളിലെ ഒഴുക്ക് നിലച്ചതുമാണ് വെള്ളക്കെട്ടിന് കാരണം. അടുത്തിടെ നഗരവികസനത്തിന്റെ ഭാഗമായി. 8.65 കോടി രൂപ ചെലവാക്കി നടപ്പാതയും കൈവരിപിടിപ്പിക്കലും നടത്തിയെങ്കിലും വെള്ളക്കെട്ടിന് പരിഹാരമുണ്ടായില്ല.
റോഡിൽ നിന്ന് ഒരടി ഉയരത്തിലാണ് നടപ്പാത ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ റോഡിന്റെ സ്ഥിതിക്കനുസരിച്ചല്ല കാനകളുടെ ഓവ് ചാലുകൾ ക്രമപ്പെടുത്തിയിട്ടുള്ളത്. കാനകൾ പൊളിച്ച് പണിതപ്പോൾ നീരൊഴുക്ക് സുഗമമാക്കുന്നതിൽ പഞ്ചായത്ത് അധികൃതർ ശ്രദ്ധ ചെലുത്തിയില്ലെന്ന് വ്യാപാരികൾ പരാതിപ്പെട്ടു. കാലടി - മലയാറ്റൂർ റോഡ് വീതി കൂട്ടി ബി എം ബിസി നിലവാരത്തിൽ പുന:നിർമ്മിക്കാനുള്ള കോടതി ഉത്തരവും നടപ്പിലായിട്ടില്ല.