കൊച്ചി : യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ മുൻ മാനേജർ പേഴ്സി ജോസഫിനെ മർദ്ദിച്ചതിന് വനിതാ പൊലീസ് ബറ്റാലിയൻ കമൻഡാന്റ് ആർ. നിശാന്തിനിക്കെതിരെ രജിസ്‌റ്റർ ചെയ്ത കേസ് 18.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഒത്തുതീർത്തത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട്. കേസ് റദ്ദാക്കാൻ പ്രതി നൽകിയ ഹർജി നിലനിൽക്കില്ലെന്നും പ്രത്യാഘാതമുണ്ടാകുമെന്നും തിരിച്ചറിഞ്ഞായിരുന്നു ഒത്തുതീർപ്പ് നീക്കം. ഹൈക്കോടതി മീഡിയേഷൻ സെന്ററിലാണ് ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തിയത്.
ലോണിന് സമീപിച്ച പൊലീസുകാരിയുടെ കൈയിൽ പേഴ്സി കടന്നു പിടിച്ചെന്ന പൊലീസിന്റെ വാദത്തിൽ സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ബാങ്കിൽ ഇത്തരമൊരു സംഭവം നടക്കാൻ സാദ്ധ്യതയില്ലെന്നും സാക്ഷിമൊഴികളിൽ കൃത്രിമം കാട്ടാനിടയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. സി.സി ടിവി കാമറകൾ പരിശോധിച്ച ബാങ്ക് അധികൃതരും പേഴ്സിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയിരുന്നു.
ഇരുകൂട്ടരും നൽകിയ എല്ലാ കേസുകളും പിൻവലിക്കുമെന്നും ഇൗ വിഷയത്തിൽ ഭാവിയിൽ പരാതികൾ നൽകില്ലെന്നും ഒപ്പുവച്ച മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഫീസ് ഇനത്തിൽ പരാതിക്കാരിക്ക് ചെലവായ തുക നൽകാനും ഒത്തുതീർപ്പ് വ്യവസ്ഥയിൽ പറയുന്നു. യൂണിയൻ ബാങ്കിന്റെ പെരുമ്പാവൂർ ശാഖയിൽ ചീഫ് മാനേജരാണ് ഇപ്പോൾ പേഴ്സി ജോസഫ്.
നിശാന്തിനിയും മറ്റു പൊലീസുകാരും ചേർന്ന് മർദ്ദിച്ച സംഭവത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം തേടി 2017ലാണ് പേഴ്സി ജോസഫ് തൊടുപുഴ സബ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. ഇതിലാണ് 18.5 ലക്ഷം രൂപ നൽകാമെന്ന് ധാരണയിലെത്തിയത്. ഇതു ഹൈക്കോടതിയുടെ അനുമതിയോടെ തൊടുപുഴ സബ് കോടതിയിൽ സമർപ്പിച്ചു.
കേസ് ഇങ്ങനെ
2011 ജൂലായ് 25ന് ബാങ്കിൽ വായ്പാ അപേക്ഷയുമായി എത്തിയ വനിതാ പൊലീസ് കോൺസ്റ്റബിളിന്റെ കൈയിൽ പേഴ്സി ജോസഫ് കടന്നുപിടിച്ചെന്നാണ് പരാതി. തൊടുപുഴയിൽ എ.എസ്.പിയായിരുന്ന നിശാന്തിനി സ്റ്റേഷനിലേക്ക് പേഴ്സി ജോസഫിനെ വിളിച്ചുവരുത്തി മർദ്ദിച്ചെന്നായിരുന്നു കേസ്. ജൂലായ് 26ന് പേഴ്സിയുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പേഴ്സിയെ പ്രവേശിപ്പിച്ചു. വനിതാ പൊലീസ് കോൺസ്റ്റബിളിന് വായ്പ നിഷേധിച്ചതിനെത്തുടർന്നുള്ള പകയാണ് കള്ളക്കേസിനു കാരണമെന്നു ചൂണ്ടിക്കാട്ടി പേഴ്സി ജോസഫ് പൊലീസ് മർദ്ദനത്തിനെതിരെ തൊടുപുഴ സി.ജെ.എം കോടതിയിൽ അന്യായം ഫയൽ ചെയ്തു.