കോലഞ്ചേരി: പൊലീസ് സ്റ്റേഷനുകൾ ഹൈടെക്കായതിനൊപ്പം തൊണ്ടി മുറികളും സ്മാർട്ടായി. ആലുവ റൂറൽ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെ തൊണ്ടികളിലും ക്യൂആർ കോഡ് സംവിധാനമൊരുക്കി.
വിവിധ കേസുകളിൽ തൊണ്ടിയായി പിടിച്ചെടുക്കുന്ന വസ്തുക്കൾ സൂക്ഷിക്കുന്ന മുറികൾ പൊടി പിടിച്ച് വൃത്തിഹീനമായി കിടക്കുന്ന സ്ഥിതിയാണ്. തൊണ്ടി സൂക്ഷിപ്പും പരിപാലനവും പൊലീസിന് എന്നും കീറാമുട്ടിയും.
ജില്ലാ സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ക്യൂ ആർ കോഡ് ഉപയോഗിച്ച് തൊണ്ടിമുറി സ്മാർട്ട് ആക്കാൻ പദ്ധതി നടപ്പാക്കിയത്. കൃതൃമായി രേഖപ്പെടുത്തുകയും വൃത്തിയാക്കുകയും ചെയ്യുകയായിരുന്നു ആദ്യപടി. പിന്നെ വിവരങ്ങൾ ശേഖരിച്ച് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി കേരള പൊലീസിന്റെ ഓൺലൈൻ സംവിധാനമായി ബന്ധിപ്പിച്ചു. ക്യൂആർ കോഡ് എല്ലാ തൊണ്ടി മുതലുകളിലും പതിപ്പിക്കുകയും ചെയ്തു.
മൊബൈൽ ഫോണിലെ ക്യൂആർ കോഡ് സ്‌കാനർ ഉപയോഗിച്ച് ഇത് സ്‌കാൻ ചെയ്താൽ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും.
കേസിന്റെ നമ്പർ, കുറ്റത്തിന്റെ ചുരുക്കം, കോടതിയുടെ പേര്, കേസിന്റെ നിലവിലെ അവസ്ഥ, കേസിന്റെ സെക്ഷനുകൾ തുടങ്ങിയ വിശദാംശങ്ങൾ ക്രൈം ഡ്രൈവ് ലിങ്ക് മുഖേന ലഭ്യമാകും. കൃത്യമായി തൊണ്ടി മുതലുകൾ കോടതികളിൽ വിചാരണ വേളയിൽ എത്തിക്കാനും കഴിയും.
കേസ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് തൊണ്ടി മുതലുകളിൽ പതിക്കുന്ന ലേബലുകൾ കാലപ്പഴക്കം കാരണം നശിച്ച് തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു ഇതുവരെ.