കൊച്ചി: വ്യവസായകേന്ദ്രവും സാമ്പത്തിക തലസ്ഥാനവുമായ കൊച്ചിയിൽ ആറു മണിക്കൂർ പെയ്ത മഴയിൽ നഗരം മുഴുവൻ വെള്ളത്തിലാക്കിയത് മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികൾ അവകാശപ്പെടുന്ന വികസനത്തിന്റെ പൊള്ളത്തരമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ ആരോപിച്ചു. വെള്ളക്കെട്ടുമൂലം ഗതാഗതം പൂർണമായും വൈദുതി, ജലവിതരണം എന്നിവ ഭാഗികമായും തടസപ്പെട്ടു. പാർപ്പിട കേന്ദ്രങ്ങളിലും കോളനികളിലും വീടുകളിലും വെള്ളം കയറി.
തിരഞ്ഞെടുപ്പു നടക്കുന്ന എറണാകുളം നിയമസഭാ മണ്ഡലത്തിലെ ഒട്ടുമിക്ക പോളിംഗ് സ്റ്റേഷനുകളും പരിസരങ്ങളും വെള്ളത്തിനടിയിലായി. കാലങ്ങളായി മാറി മാറി ഭരിച്ച ഇരുമുന്നണികളും കൊണ്ടുവന്ന വികസനത്തിന്റെ പൊള്ളത്തരമാണ് ഇതിൽ കാണുന്നത്. തിരഞ്ഞെടുപ്പ് അഭ്യർത്ഥനകളിലും പ്രകടനപത്രികയിലും കോടിക്കണക്കിനു രൂപയുടെ വികസന പദ്ധതികളെക്കുറിച്ചാണ് ഇരു മുന്നണികളും വിവരിച്ചത്. ഒരു മഴ വന്നാൽ ഒലിച്ചുപോകാൻ കഴിയുന്ന വികസനമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.