 നഗരം ഇന്നലെ പ്രളയസമാനം

കൊച്ചി: ഇരച്ചു കയറിയ വെള്ളത്തിൽ കൊച്ചി നഗരം പുഴയായി. എന്തു ചെയ്യണമെന്നറിയാതെ ഞെട്ടിത്തരിച്ചിരുന്നു നഗരവാസികൾ. പ്രളയത്തിനുമപ്പുറം അതായിരുന്നു ഇന്നലെ കൊച്ചി. പ്രളയജലം പോലും കയറാതിരുന്നിരുന്ന സ്ഥലങ്ങൾ മുങ്ങി. അന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന സ്‌കൂളുകൾ വെള്ളത്തിനടിയിലും. നിന്നു പെയ്‌ത മഴയിൽ സമാനതകളില്ലാതെ കൊച്ചി നഗരം മുങ്ങിത്താഴുകയായിരുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളമിറങ്ങുന്നത് മന്ദഗതിയിലാണ്.
ഇന്നലെ പുലർച്ചെ 12 മണി
വഴി മാറി നിന്ന മഴ വീണ്ടും പെയ്‌തു തുടങ്ങി. ആരും പ്രതീക്ഷിക്കാതെ പതുക്കെ രൗദ്രഭാവത്തിലേക്ക് മാറി. നഗരത്തിൽ ചെറിയ തോതിൽ വെള്ളക്കെട്ടുകൾ രൂപപെട്ടു തുടങ്ങി. പുലർച്ച ആറു മണിക്കും മഴ അവസാനിക്കാതെ വന്നതോടെ വീടുകളിൽ നിന്ന് ഉണർന്നവർ വെള്ളത്തിലേക്കാണ് ഇറങ്ങിയത്. പലരും കതകു തുറന്നപ്പോൾ വെള്ളം ഇരച്ചു കയറി. നഗരം മുഴുവൻ വെള്ളത്തിൽ. ഭീകരമായ അവസ്ഥ. എങ്ങോട്ടും പോകാനാവാത്ത അവസ്ഥ. എറണാകുളം മണ്ഡലത്തിലെ പല വോട്ടിംഗ് കേന്ദ്രങ്ങളും വെള്ളത്തിനടിയിൽ. വോട്ടെടുപ്പ് നടക്കുമോയെന്ന ആശങ്കകളും ഉയർന്നു. പിന്നീട് ബൂത്തുകൾ ക്രമീകരിച്ച് വോട്ടെടുപ്പ് തുടങ്ങി.
 വൈദ്യുതി നിലച്ചു
കെ.എസ്.ഇ.ബി കലൂർ സബ്സ്റ്റേഷനും മുങ്ങിയതോടെ ഇന്നലെ രാവിലെ എട്ടരയ്‌ക്ക് വൈദ്യുതിയും നിലച്ചു. ഫയർഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്‌തു മാറ്റി വൈകിട്ടോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
 ഗതാഗതം താറുമാറി
ഇടപ്പള്ളിയിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാനറോഡുകൾ പുഴയായതോടെ ബസ് സർവ്വീസുകൾ നിലച്ചു. സ്വകാര്യബസുകൾ വെള്ളമിറങ്ങി ഉച്ചയോടെയാണ് സർവ്വീസ് തുടങ്ങിയത്. കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡും മുങ്ങി. എറണാകുളം നോർത്ത്, ജംഗ്ഷൻ റെയിവേ സ്റ്റേഷനിലെ ട്രാക്കുകളിൽ വെള്ളം കയറിയതോടെ ട്രെയിൻ ഗതാഗതവും നിലച്ചു. റോഡിന്റെ വശങ്ങളിലും മാളുകളിലും പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ മുഴുവൻ വെള്ളത്തിലായി. എം.ജി. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭൂരിഭാഗം കടകളിലും വെള്ളം കയറി. കോടികളുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. അപ്രതിക്ഷിതമായി വെള്ളം കയറിയതോടെ ആർക്കും സാധനങ്ങൾ മാറ്റാനായില്ല.
 ചീഞ്ഞളിഞ്ഞ് നഗരം
പറമ്പുകളും ഓടകളും കവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകിയതോടെ മാലിന്യങ്ങൾ മുഴവൻ നഗര നിരത്തുകളിലെത്തി. പ്‌ളാസ്‌റ്റിക് കുപ്പികളും തെർമോകോളുകളും കൊണ്ട് റോഡുകൾ നിറഞ്ഞിരിക്കുകയാണ്. ജൈവമാലിന്യങ്ങൾ അതിഭീകരമായി ചിതറിക്കിടക്കുകയാണ്.
 കടകമ്പോളങ്ങൾ തുറന്നില്ല
പുലർച്ചെ മുതൽ നഗരം വെള്ളത്തിലായതിനാൽ 90 ശതമാനം കടകളും തുറന്നില്ല. നഗരത്തിൽ ആളുകളുടെ തിരക്കുമില്ലായിരുന്നു. പ്രമുഖ ജുവലറികളും വെള്ളത്തിനടിയിലായി. ഈ ദുരിതത്തിൽ നിന്ന് സ്ഥാപനങ്ങൾ മുക്തമാകാൻ ദിവസങ്ങളെടുക്കും.
 ആശ്വാസമായി മെട്രോ
റോഡു വഴിയുള്ള ഗതാഗതം നിലച്ചതോടെ നഗരത്തിലേക്കെത്താൻ മെട്രോയിൽ ഭൂരിഭാഗം പേരും അഭയം തേടി. കൊച്ചി മെട്രോ ഇന്നലെ നിറഞ്ഞോടി. സ്‌റ്റേഷനുകളുടെ മുമ്പിൽ വെള്ളക്കെട്ടുണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കിയില്ല.
 ആവേശമില്ലാതെ തിരഞ്ഞെടുപ്പ്
ഒരാവേശവുമില്ലാതെയായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് പൂർത്തിയായത്. രാഷ്‌ട്രീയ പാർട്ടികൾ ഇട്ട ബൂത്തുകൾ എല്ലാം വെള്ളത്തിലായി. പോസ്‌റ്ററുകൾ നനഞ്ഞു കുതിർന്നു. വോട്ടർമാരിൽ ഭൂരിഭാഗവും ദുരിതക്കയത്തിലായിരുന്നു. പാർട്ടിക്കാർ നിർബന്ധിച്ച് വാഹനത്തിൽ കയറ്റിയാണ് പലരെയും പോളിംഗ് സ്‌റ്റേഷനുകളിലെത്തിച്ചത്.

 11 ബൂത്തുകളെ മഴ ബാധിച്ചു
 അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 270 പേർ
 കണയന്നൂർ, കൊച്ചി താലൂക്കുകളിൽ ക്യാമ്പുകൾ
 ഞായറാഴ്ച രാത്രി എട്ടര മുതൽ 21 മണിക്കൂർ ജില്ലയി​ൽ പെയ്‌തത് 80 മില്ലി മീറ്റർ മഴ