അങ്കമാലി: മൂക്കന്നൂർ കറുകുറ്റി കുടിവെള്ളപദ്ധതിയിൽ വൈദ്യുതിതടസംമൂലം പമ്പിംഗ് നിലച്ചിട്ട് അഞ്ചുദിവസമായി. രണ്ട് പഞ്ചായത്തുകളിലെ കുടിവെള്ളസ്രോതസാണ് ഈ പദ്ധതി. മൂക്കന്നൂർ കറുകുറ്റി മേഖലയിലേക്കുള്ള കുടിവെള്ള പദ്ധതിക്ക് പമ്പ്ഹൗസിലേക്ക് വൈദ്യുതി എത്തുന്നത് ചാലക്കുടി പുഴയുടെ മറുകരയായ തൃശൂർ ജില്ലയിലെ പരിയാരത്ത് നിന്നാണ് . സാങ്കേതിക തടസങ്ങൾ പരിഹരിച്ച് മൂക്കന്നൂർ ഡിവിഷനിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കിയാൽ അടിക്കടിയുള്ള പമ്പിംഗ് തടസമൊഴിവാക്കാമെന്നാണ് ജീവനക്കാർ പറയുന്നത്. ഈ വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്ത് ഭരണസമിതികളും എം.എൽ.എയും അടിയന്തരമായി ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു.