kashmir1
ലുലു ഗ്രുപ്പ് ഡയറക്ടർ എ.വി.ആനന്ദ് റാമിന്റെ നേതൃത്വത്തിലുള്ള സംഘം കശ്മീർ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമൊത്ത് ആപ്പിൾ സംഭരണ കേന്ദ്രത്തിൽ

ശ്രീനഗർ: കാശ്മീരി​ലെ കർഷകർക്ക് പി​ന്തുണ നൽകുമെന്ന പ്രധാനമന്ത്രി​ നരേന്ദ്രമോദി​ക്ക് നൽകി​യ വാഗ്ദാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി​ പാലി​ച്ചു.

കശ്മീർ കൃഷി വകുപ്പുമായി സഹകരിച്ച് കർഷകരിൽ നിന്നും നേരിട്ട് ആപ്പിളുകൾ സംഭരിച്ച് കയറ്റുമതിക്കൊരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ആദ്യഘട്ടത്തിൽ 200 ടൺ ആപ്പിളുകളാണ് ഇങ്ങനെ ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണനത്തിന് എത്തിക്കുന്നത്. ആപ്പിളിനു പുറമെ അരി, കുങ്കുമപ്പൂവ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും ലുലു കശ്മീരിൽ നിന്നും വാങ്ങുന്നുണ്ട്. നവംബർ ആദ്യവാരത്തോടെ കശ്മീർ ആപ്പിളുകൾ ലുലു ഷോപ്പുകളി​ലെത്തും.

ലുലു ഗ്രൂപ്പ് ഡയറക്ടർ എ.വി. ആനന്ദ് റാമിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് നേരിട്ട് കർഷകരിൽ നിന്നും ഉല്പന്നങ്ങൾ ശേഖരിക്കുന്നത്. കശ്മീർ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായും ലുലു സംഘം കൂടിക്കാഴ്ച നടത്തി.

അബുദാബിയിൽ യു.എ.ഇ.യിലെ വ്യവസായ പ്രമുഖരുമായി നടന്ന കൂടി​ക്കാഴ്ചയി​ൽ പ്രധാനമന്ത്രി​ നരേന്ദ്രമോദി​ സംസാരിച്ചത് കശ്മീരിലെ സാധ്യതകളെപ്പറ്റിയാണ് . അന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി കശ്മീരിൽ നിന്നും ഉൽപന്നങ്ങൾ സംഭരിച്ച് കയറ്റുമതി ചെയ്യുമെന്ന് യോഗത്തിൽ വെച്ച് തന്നെ പ്രധാാമന്ത്രിക്ക് ഉറപ്പ് നൽകിയിരുന്നു.

കശ്മീരിൽ നിന്നുള്ള 100 പേർക്ക് ലുലു സ്ഥാപനങ്ങളിൽ തൊഴിൽ നൽകും. കശ്മീരിൽ ആധുനിക രീതിയിലുള്ള ഭക്ഷ്യ സംസ്‌കരണ കേന്ദ്രവും അടുത്ത് തന്നെ ആരംഭിക്കുവാൻ ലുലു ഉദ്ദേശിക്കുന്നുണ്ട്.

കശ്മീരിൽ നിന്നുള്ള ഉല്പന്നങ്ങൾ ഉൾപ്പെടുത്തി കശ്മീർ മേള ലുലു ഹൈപ്പർമാർക്കറ്റുകളിൽ സംഘടിപ്പിക്കും. കശ്മീരിലെ വാണിജ്യ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകാൻ ഇത് സഹായകരമാകും.

എം.എ.യൂസഫലി

ലുലു ഗ്രൂപ്പ് ചെയർമാൻ