കൊച്ചി: കളമശേരിയിലെ മേക്കർ വില്ലേജിലെ സ്റ്റാർട്ടപ്പ് ഉല്പന്നങ്ങൾ അന്താരാഷ്ട്ര തലത്തിൽ മികവു പുലർത്താൻ ശേഷിയുള്ളവയാണെന്ന് ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയേഴ്‌സിന്റെ ടെൻകോൺ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാജ്യാന്തര പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. സിംഗപ്പൂരിലെ ഇലക്ട്രോണിക് ഹാർഡ് വെയർ ഇക്കോ സിസ്റ്റവുമായി കിടപിടിക്കാൻ കെല്പുള്ള കമ്പനികൾ ഇവിടെയുണ്ടെന്ന് സിംഗപ്പൂരിലെ വേവ്‌സ്പാൻ കമ്പനിയുടെ സി.ഇ.ഒ ഡോ.കുശ് അഗർവാൾ പറഞ്ഞു.ജപ്പാൻ, ന്യൂസീലാൻഡ്, തായ് വാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെ നിന്നുള്ള വിദഗ്ദ്ധർ ഉൾപ്പെട്ടതാണ് സംഘം.
ജപ്പാനിലെ ചീബ സർവകലാശാല വൈസ് പ്രസിഡന്റ് ഡോ. തകാകോ ഹാഷിമോട്ടോ, ന്യൂസീലാൻഡിലെ ഓക്ലാൻഡ് സർവകലാശാലയിലെ ഡോ. നിർമ്മൽ നായർ, തായ് വാനിലെ ചെങ് കുങ് സർവകലാശാലയിലെ ഡോ. ക്രിസ് കുവോ ഗ്വിൻ ലീ, ഐ.ഇ.ഇ.ഇ ഏഷ്യാപസിഫിക് ഡയറക്ടർ ലിയോ ഹ്വ ചിയാങ്, ജപ്പാനിലെ ഐചി സർവകലാശാലയിലെ ടാക്കുവോ സുസുകി, ഡായി നിപ്പണിലെ ഷിംസു സാൻ, ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ടെകിലെ ജിയാൻവെൻ സു, വസെദ സർവകലാശാലയിലെ കസുതോഷി യോഷി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മേക്കർ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണൻ നായരുമായി സംഘം ചർച്ച നടത്തി.