കൊച്ചി: സംസ്ഥാനത്തുണ്ടായ കനത്ത് മഴക്ക് കാരണം വ്യാപകമായ വനനശീകരണം, ഭൂവിനിയോഗത്തിലുണ്ടായ മാറ്റം, ജലാശയങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും ശോഷണം തുടങ്ങിയവയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ. പരിസ്ഥിതി കാലാവസ്ഥ പഠന കേന്ദ്രത്തിന്റെ “കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതികരണം: കേരളത്തിലെ പ്രവർത്തനം” എന്ന റിപ്പോർട്ടിൽ സംസ്ഥാനത്തെ ജൈവവൈവിധ്യം 2030 ആകുമ്പോഴേക്കും കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് മുന്നറിയിപ്പ്. പ്രവചനാതീതമായ കാലാവസ്ഥ വ്യതിയാനമായിരിക്കും വരാനിരിക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

#സ്ഥിരം സംവിധാനം വേണം

കൊച്ചി ഉൾപ്പടെ നഗരങ്ങളിലെ ഓടകൾ പലയിടത്തും കൂട്ടിമുട്ടാറില്ല. അതുകൊണ്ട് തന്നെ റോഡുകൾ വെള്ളക്കെട്ടുകളായി മാറുകയാണ്. നഗരങ്ങളിലെ തോടുകളും കുളങ്ങളും പലയിടങ്ങളിലും കൈയ്യേറിക്കഴിഞ്ഞു. റോഡുകൾ നിറഞ്ഞുകവിഞ്ഞ് വ്യാപാര സ്ഥാപനങ്ങളും നശിക്കുന്നു.

മഴ ആഗോള കാലാവസ്ഥാ പ്രതിഭാസമാണെന്നും സർക്കാരിന് എന്ത് ചെയ്യാനാകുമെന്നും മറ്റും പറഞ്ഞ് കൈയൊഴിയുന്ന സമീപനം മാറ്റി ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ സർക്കാർ സ്ഥിരം സംവിധാനം ഒരുക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നുണ്ട്.

നിർദ്ദേശങ്ങൾ

# വെള്ളം പൊങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പമ്പ് ചെയ്യാനുള്ള സ്ഥിരം സംവിധാനം ഒരുക്കുക.

# താഴ്ച അനുസരിച്ചുള്ള കാനകൾ പണിതു വെള്ളം ഒഴുക്കിവിടാനുള്ള കനാലുകൾ, ചാലുകൾ, ഓടകൾ, തോടുകൾ, കാനകൾ എന്നിവ ആഴംകൂട്ടി നിർമ്മിക്കുക.

# നദികളുടെ പ്രളയ പ്രതലത്തിലെ കൈയേറ്റങ്ങൾ പൂർണമായി ഒഴിപ്പിക്കുക.

# ഉരുൾപൊട്ടൽ അടക്കമുള്ള പാരിസ്ഥിതിക ആഘാതം തടയാൻ പാറമടകളുടെ എണ്ണം കുറയ്ക്കുക

# കുന്നിടിച്ചു റിസോർട്ട് ഉണ്ടാക്കുന്നത് നിയന്ത്രിക്കുക.

# വ്യാജപട്ടയങ്ങൾ തടഞ്ഞ് വനം അനർഹർക്ക് പതിച്ചു

നൽകുന്ന നടപടികൾ അവസാനിപ്പിച്ച് വന ഭൂമി സംരക്ഷിക്കുക.

# തണ്ണീർത്തടങ്ങളുടെ നികത്തൽ അവസാനിപ്പിക്കുക

ഭീതി പരിഹരിക്കണം

ജനങ്ങൾ ഭീതിയിലാണെവിടെയും. യാത്രകൾ ദുഷ്കരമായി. ഒന്നിനും പരിഹാരമില്ല. ദുരന്തം ഒഴിവാക്കാനും നടപടിയില്ല. വീട്ടിലും റോഡിലും റയിലിലും വിമാനത്താവളത്തിലും വെള്ളം. വെള്ളം പൊങ്ങുന്നത് തടയാൻ നടപടി വേണം. മഴ പെയ്താലും വെള്ളം ഒഴുകി പോകണം. അതിനു നടപടി യുദ്ധകാലാടിസ്ഥാനത്തിൽ വേണം. വെള്ളപ്പൊക്കം മൂലം നാശം ഉണ്ടാകുന്നവരെ സഹായിക്കണം.

ഡോ. സി.എം. ജോയി, പരിസ്ഥിതി പ്രവർത്തകൻ