kezhillam-kurichilakode-
കാട് പിടിച്ച് കാനമൂടിക്കിടക്കുന്നു . ഡയറ്റിന് മുന്നിലെ കീഴില്ലം കുറിച്ചിലക്കോട് റോഡിൽ നിന്നുള്ള കാഴ്ച

പെരുമ്പാവൂർ: സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുംവിധം രായമംഗലം രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട കീഴില്ലം - കുറിച്ചിലക്കോട് റോഡരികിലെ കാട് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. ശനിയാഴ്ച രാത്രി കുറുപ്പംപടി സ്റ്റാൻഡിലെ കാർ ഡ്രൈവർ വർഗീസ് മരിച്ചുകിടന്നത് കാടുപിടിച്ച് കിടന്ന ഈ പ്രദേശത്താണ് . ആരുടേയും കണ്ണിൽ പെടാതെ മൃതദേഹം ഞായറാഴ്ച വൈകിട്ട് 3 വരെ കിടന്നു. നേരത്തെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ ഒരു കാർ കാനയിലേക്ക് മറിയുന്ന സംഭവവുമുണ്ടായി. വഴിയരികിലെ കാടുമൂടിക്കിടക്കുന്ന കാന കാണാൻ സാധിക്കാത്തതു മൂലമാണ് ഈ അപകടമുണ്ടായത്. കഴിഞ്ഞ ക്രിസ്മസ് കാലത്താണ് ഇവിടം വെട്ടിത്തെളിച്ചത്. വർഷത്തിലൊരിക്കൽ കരാർ നൽകി കാടുവെട്ടുകയും കാനകൾ വൃത്തിയാക്കാറുണ്ടെങ്കിലും ഈ വർഷം അതുണ്ടായില്ല.

#പൊതുമരാമത്ത് വകുപ്പും കൈവിട്ടു

പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഉണ്ടെങ്കിലും അവർക്ക് പി. ഡബ്ല്യു.ഡി റോഡു വിഭാഗത്തിന്റെ അധീനതയിലുള്ള റോഡിലെ കാട് വെട്ടാനുള്ള അനുമതിയില്ലെന്നാണ് പഞ്ചായത്ത് മെമ്പർ പറയുന്നത്. നേരത്തെ റോഡിലെ കാനകൾ ശുചിയാക്കുന്നതും കാട് വെട്ടുന്നതും പി.ഡബ്ല്യു.ഡിയിലെ എൻ.എം.ആർ തൊഴിലാളികളായിരുന്നു. എന്നാൽ ഇത്തരം ജോലിക്കാർ റോഡ് വിഭാഗത്തിൽ ഇന്നില്ലാത്തതും കാട് വെട്ടുന്നതിന് തടസമായി നിൽക്കുന്നു.