കൊച്ചി: ജീവൻ രക്ഷാ പ്രവർത്തനങ്ങളുടെ പ്രധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും വിലപ്പെട്ട ജീവൻ രക്ഷിക്കാൻ പ്രാപ്തരാക്കുന്നതിനും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ റീ സ്റ്റാർട്ട് എ ഹാർട്ട് എന്ന ആരോഗ്യ പരിപാലന പദ്ധതിക്ക് തുടക്കമായി.
സിനിമാതാരം സാജു നവോദയ പദ്ധതി ഉദ്ഘാടനം ചെയ്തു. ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ പി.വി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതാണ് പദ്ധതി.ഹൃദയം നിശ്ചലമാകുന്ന സമയത്ത് അടിയന്തര ശുശ്രൂഷ നൽകുന്നതുൾപ്പെടെയുള്ള പരിശീലനമാണ് നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിൽ ടോക് എച്ച്, എറണാകുളം സൗത്ത് ഗവ. ഗേൾസ് ഹയർ സെക്കൻഡറി, കലൂർ മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി, എസ്.ആർ.വി. വൊക്കേഷണൽ ഹയർ സെക്കൻഡറി, സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി, തേവര സേക്രഡ് ഹാർട്ട് പബ്ളിക് സ്കൂൾ, സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി, തൃപ്പൂണിത്തുറ ചോയ്സ് എന്നീ സ്കൂളുകളിലെ വിദ്യർത്ഥികൾക്കാണ് പരിശീലനം നൽകിയത്.