കൊച്ചി : പിറവം സെന്റ്മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ കീഴിലുള്ള കുരിശുപള്ളികളുടെയും ചാപ്പലുകളുടേയും വിശദവിവരങ്ങൾ ജില്ലാകളക്ടർ എസ്. സുഹാസ് 25 ന്ഹെെക്കോടതിക്ക് കെെമാറും. കഴിഞ്ഞ 11 ന് ലിസ്റ്റ് സമർപ്പിക്കാനായിരുന്നു ആദ്യ നിർദ്ദേശമെങ്കിലും രണ്ടാഴ്ച കൂടി ഹെെക്കോടതി അനുവദിക്കുകയായിരുന്നു.ലിസ്റ്റെടുക്കൽ പൂർണ്ണമായതായി മൂവാറ്റുപുഴ തഹസിൽദാർ പി.എസ് മധുസൂദനൻ നായർ പറഞ്ഞു. വിവിധയിടങ്ങളിലായി ഇത്തരം 11 ആരാധനാലയങ്ങളാണ് വലിയ പള്ളിക്കുള്ളത്. ഇവ കൂടി തങ്ങൾക്കു നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് യാക്കോബായ വി​ശ്വാസി​കൾ. വലിയ പള്ളിയിലെ 3000ത്തോളം വരുന്ന ഇടവക കുടുംബങ്ങളിൽ 2700 പേരും യാക്കോബായ വിശ്വാസികളാണ്. പള്ളിഭരണം ജില്ലാഭരണകൂടം ഏറ്റെടുത്തതോടെ കഴിഞ്ഞ മൂന്ന് ഞായാറാഴ്ചകളിലും നടുറോഡിലായിരുന്നു അവരുടെ പ്രാർത്ഥന. പിറവം പള്ളിയുടെ കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളിന്റെ ഭരണം സംബന്ധിച്ചും ഹെെക്കോടതിയിൽ കേസുണ്ട്. ഇതാദ്യമായാണ് പള്ളിഭരണം പൂർണമായും യാക്കോബായ വിശ്വാസികൾക്ക് നഷ്ടപ്പെടുന്നത്. പിറവം നഗരസഭാപരിധിയിലെ ജനസംഖ്യയിൽ പകുതി​യോളം വരും യാക്കോബായക്കാർ. പിറവം വലിയ പള്ളി കൂടി ഓർത്തഡോക്സ് പക്ഷത്തിന് കെെവരുന്നതോടെ അവർക്ക് പിറവത്ത് രണ്ട് പള്ളികളാകും.