പറവൂർ : തോരാത്ത മഴയിൽ നഗരവും സമീപ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജനജീവിതം ദുസ്സഹമായി. നഗരത്തിൽ കച്ചേരി മൈതാനം, പെരുവാരം ക്ഷേത്ര പരിസരം, കെ.എം.കെ കവലക്ക് പടിഞ്ഞാറ് വശം, വെങ്കിടാചലപതി ക്ഷേത്ര പരിസരം, ഗവ. ഹയർ സെക്കൻഡറി സ്കൂളിന് തെക്കുഭാഗം, മാർത്തോമ ചർച്ച് റോഡ്, ഇൻഫന്റ് ജീസസ് സ്കൂൾ, പ്രഭൂസ് തിയേറ്ററിന് വടക്ക് ഭാഗത്തുള്ള റോഡുകൾ, കരിമ്പാടം, കൂട്ടുകാട്, പറവൂർ - ചെറായി റോഡിൽ പെരുമ്പടന്ന തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിലായി.
തീരദേശ പഞ്ചായത്തുകളായ വടക്കേക്കര, ചിറ്റാറ്റുകര, ഏഴിക്കര എന്നിവടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറി. തോടുകളിലും കാനകളിലും മാലിന്യങ്ങൾ അടിഞ്ഞുകൂടിക്കിടക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകുന്നില്ല. റോഡുകൾ വെള്ളക്കെട്ടിലായതോടെ കാൽനട യാത്രക്കാർ ഉൾപ്പെടെ ദുരിതത്തിലായി. മൂത്തകുന്നം - വരാപ്പുഴ ദേശീയ പാതയിലെ കുണ്ടും കുഴിയിലും വെള്ളംകയറിക്കിടക്കുതിനാൽ വാഹനങ്ങൾ വളരെ പതുക്കെയാണ് കടന്നുപോകുന്നത്. തിരക്കേറിയ റോഡിൽ ഇതോടെ ഗതാഗതക്കുരുക്ക് കൂടുതൽ മുറുകി. പറവൂർ - കണ്ണൻകുളങ്ങരയിൽ കനത്ത മഴയെത്തുടർന്ന് റോഡിൽ മെറ്റൽ ഇളകി കുഴികൾ രൂപപ്പെട്ടു. ഇന്നലെ ഉച്ചയോടെ മഴയുടെ ശക്തി കുറഞ്ഞത് ജനങ്ങൾക്ക് കുറച്ച് ആശ്വാസം പകർന്നു. ശക്തമായ മഴയെ തുടർന്ന് കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിച്ചത് വൈകിയാണ്.