കൊച്ചി : തോരാതെ പെയ്ത മഴയിൽ നഗരം വെള്ളത്തിൽ മുങ്ങി വിറച്ചപ്പോൾ രാഷ്ട്രീയപ്പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും നെഞ്ചിൽ തീയാളി. വീട്ടിലെ വെള്ളം ഇറക്കിയിട്ടുമതി വോട്ടെന്ന് ജനങ്ങൾ ചിന്തിച്ചതോടെ ബൂത്തുകൾ പലതും കാലിയായി. ഉച്ചയായിട്ടും അഞ്ചിലൊന്നുപേർ പോലും വോട്ട് ചെയ്തില്ല.

ഇന്നലെ പുലർച്ച ഒരു മണിയോടെ തുടങ്ങിയതാണ് പെരുമഴ. വോട്ടിംഗ് ആരംഭിക്കുന്ന രാവിലെ ഏഴായിട്ടും തെല്ലും ശമിക്കാതെ മഴ തുടർന്നു. എറണാകുളം നിയമസഭാ മണ്ഡലത്തിന്റെ മുഴുവൻ പ്രദേശങ്ങളും വെള്ളംകയറി നിറഞ്ഞു. പ്രളയകാലത്തു പോലും വെള്ളം കയറാത്ത സ്ഥലങ്ങളും മുങ്ങി. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ഒപ്പം പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വോട്ട് ചെയ്യാൻ മടിച്ച ജനങ്ങൾ വീടുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിച്ചു.

പോളിംഗ് ആരംഭിച്ച രാവിലെ ഏഴിന് ഒരിടത്തുപോലും ക്യൂ കാണാനുണ്ടായില്ല.

ഒരു മണിക്കൂർ പിന്നിട്ട് രാവിലെ എട്ടിന് 2.37 ശതമാനം പേർ മാത്രമാണ് വോട്ടുചെയ്തത്. ഒമ്പതിന് 4.93 ഉം പത്തിന് 5.3 ഉം ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. അതിനിടെ പത്തു ബൂത്തുകളിൽ വെള്ളം കയറി വോട്ടെടുപ്പ് തടസപ്പെട്ടു. കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് ബൂത്ത് മാറ്റിയാണ് വോട്ടെടുപ്പ് തുടർന്നത്.

മൂന്നുമണിക്കൂർ പിന്നിട്ടെങ്കിലും വോട്ടർമാർ എത്തുന്നത് നേരിയ തോതിലായതോടെ നേതാക്കൾക്ക് ആശങ്ക പെരുകി. വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം യു.ഡി.എഫാണ് ആദ്യം ഉന്നയിച്ചത്. ബി.ജെ.പിയും അതേ ആവശ്യം ഉന്നയിച്ചു. വോട്ടെടുപ്പ് മാറ്റണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടില്ലെങ്കിലും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാന വരണാധികാരിക്കുൾപ്പെടെ സന്ദേശങ്ങൾ പാഞ്ഞു. ജില്ലാ കളക്ടറോട് വരണാധികാരി റിപ്പോർട്ട് തേടി. തുടർന്ന്, വോട്ടെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ സമയം അനുവദിക്കാമെന്ന് അറിയിച്ചു.

വെള്ളക്കെട്ടിൽ സ്ഥാനാർത്ഥികളും

വെള്ളക്കെട്ട് ഒഴിവാക്കാനും ജനങ്ങളെ സഹായിക്കാനും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളും പ്രവർത്തകരും രംഗത്തിറങ്ങി. ബൂത്തുകളിലെത്തിയതിന് പുറമെ, ക്യാമ്പുകളിലേയ്ക്ക് മാറിയവരെ സന്ദർശിക്കാനും സ്ഥാനാർത്ഥികൾ സമയം കണ്ടെത്തി.

ഉച്ചയ്ക്കുശേഷം ഉൗർജിതശ്രമം

പരമാവധി പേരെ ബൂത്തുകളിൽ എത്തിച്ച് വോട്ടുറപ്പിക്കാൻ ഉച്ചയോടെ നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങി. വോട്ടർമാരെ പലരെയും ഫോണിൽ വിളിച്ചുവരുത്തി. വീടുകളിൽ കയറിയിറങ്ങിയും വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു. വാഹനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകി. മഴ ശമിക്കുകയും വെള്ളം ഇറങ്ങുകയും ചെയ്തതോടെ ഉച്ചകഴിഞ്ഞ് വോട്ടിംഗ് നിലയിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങി. എങ്കിലും മുൻതിരഞ്ഞെടുപ്പിലെ പോളിംഗിനൊപ്പമെത്തിക്കാൻ കഴിഞ്ഞില്ല. ഇത് ഫലത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് നേതാക്കളും സ്ഥാനാർത്ഥികളും.

ആറിനുശേഷം

വോട്ടെടുപ്പ് സമയം അവസാനിച്ച വൈകിട്ട് ആറിന് 55.89 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. 27 ബൂത്തുകളിൽ ആറിനുശേഷവും വോട്ടെടുപ്പ് തുടർന്നു. 108 ബൂത്തുകളിൽ ആറിന് വോട്ടെടുപ്പ് ആറിന് അവസാനിച്ചു. ആകെ 135 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.

രാത്രി ഏഴിന് 19 ബൂത്തുകളിൽ വോട്ടെടുപ്പ് തുടർന്നു. 89,373 പേരാണ് ഏഴിനകം വോട്ട് ചെയ്തത്. 57.54 ശതമാനമായിരുന്നു വോട്ടിംഗ് നില.

വോട്ടിംഗ് ശതമാനം

രാവിലെ 8 : 2.37

9 : 4.93

10 : 5.3

11 : 10.03

ഉച്ചയ്ക്ക് 12 : 16.30

1 : 25.52

2 : 30.86

3 : 36.31

3.30 : 40.36

4 : 46.36

4.30 : 47.19

5 : 51.19

5.30 : 53.32

6 : 55.89

6.15 : 56.08

6.30 : 56.88

7 : 57.54