കൊച്ചി: ഞായറാഴ്ച രാത്രി തുടങ്ങി ഇന്നലെ രാവിലെ വരെ നീണ്ട അതിതീവ്ര മഴയിൽ കൊച്ചി നഗരം മുങ്ങി. വെള്ളക്കെട്ട് റോഡ് - ട്രെയിൻ ഗതാഗതം മുടക്കി. വൈദ്യുതി ബന്ധം താറുമാറാക്കി. അപ്രതീക്ഷിതമായി വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ ആളുകൾ ഭയചകിതരായി. ഉച്ചയോടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. താണപ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. കനത്ത മഴ എറണാകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനത്തെയും ഏറെ താഴ്ത്തി.
പ്രളയസമയത്ത് സുരക്ഷിതമായിരുന്ന വീടുകളിലും വെള്ളം കയറി. നഗരത്തിലെ പ്രധാന റോഡുകളായ എം.ജി റോഡും ബാനർജി റോഡും പുഴയായി മാറി. റോഡുകളുടെ വശങ്ങളിലും മാളുകളിലും ഹോട്ടലുകളുടെ ഏരിയകളിലും പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ മുങ്ങി. എം.ജി റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭൂരിഭാഗം കടകളിലും വെള്ളം കയറി. ഇന്നലെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
എറണാകുളം നോർത്ത്, ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനുകളിലെ ട്രാക്കിൽ വെള്ളം കയറിയതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വൈകിട്ടോടെ പുനഃസ്ഥാപിച്ചെങ്കിലും ആട്ടാേമാറ്റിക് സിഗ്നൽ സംവിധാനം തകരാറിലായതിനാൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. കലൂർ കെ.എസ്.ഇ.ബി സബ്സ്റ്റേഷനിൽ വെള്ളം കയറിയതോടെ നഗരത്തിലെ വൈദ്യുതി നിലച്ചു. ഇന്ന് വൈകിട്ടോടെയേ വൈദ്യുതിബന്ധം നേരെയാകൂ. മറ്റിടങ്ങളിൽ നിന്ന് നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇന്നലെ രാത്രി കെ.എസ്.ഇ.ബി വൈദ്യുതി എത്തിച്ചു.
സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നിറുത്തിയതോടെ ഇന്നലെ രാവിലെ മെട്രോ മാത്രമായിരുന്നു ഗതാഗത സംവിധാനം. ചെറിയ വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. വൈകിട്ടോടെ ബസുകൾ ഭാഗികമായി ഓടിത്തുടങ്ങി.