ആലുവ: ദമ്പതികൾ വിനോദയാത്രക്ക് പോയ അവസരം നോക്കി വീട് കുത്തിതുറന്ന് കവർച്ച. അശോകപുരം - എൻ.എ.ഡി റോഡിൽ കൊച്ചിൻ ബാങ്ക് സുമ ക്ളിനിക്കിന് സമീപം ലൗ ഡെയിൽ മനയിൽ വീട്ടിൽ മാത്യു ഫിലിപ്പിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകളും മുറികളിലെ അലമാരകളുമെല്ലാം മോഷ്ടാക്കൾ കുത്തിതുറന്നു. അലമാരയിൽ നിന്നും തുണികളെല്ലാം വലിച്ച് വാരിയിട്ട നിലയിലായിരുന്നു. 25 ന് മാത്യുവും ഭാര്യയും തിരിച്ചെത്തിയാൽ മാത്രമെ എന്തെല്ലാം നഷ്ടമായെന്ന് വ്യക്തമാകൂ.

വാട്ടർ അതോറിട്ടിയിൽ നിന്നും എക്സിക്യൂട്ടീവ് എൻജിനിയറായി വിരമിച്ച കാഞ്ഞിരപ്പിള്ളി ചിറ്റടി സ്വദേശിയായ മാത്യു ഫിലിപ്പും കുടുംബവും 20 വർഷത്തിലേറെയായി ഇവിടെയാണ് താമസിക്കുന്നത്. രണ്ട് പെൺമക്കളും വിവാഹിതരായി കുടുംബസമേതം വിദേശത്താണ്. മാത്യുവും ഭാര്യയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ 10 നാണ് ഇവർ രണ്ടാഴ്ച്ച നീളുന്ന ഉത്തരേന്ത്യൻ വിനോദയാത്രക്ക് പോയത്. അടുത്ത വീട്ടുകാരുടെ കൈവശം ഗേറ്റിന്റെ താക്കോൽ നൽകുകയും രാത്രി പുറത്തെ ലൈറ്റ് തെളിക്കുന്നതിന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുമ്പ് മിന്നലും മഴയുമുണ്ടായപ്പോൾ വൈദ്യുതി നിലച്ചിരുന്നു. ഞായറാഴ്ച്ച വൈദ്യുതി പുനസ്ഥാപിച്ചതോടെ രാത്രി ഒമ്പത് മണിക്ക് അയൽവാസി ലൈറ്റ് തെളിക്കാനെത്തിയപ്പോഴാണ് മുൻ വശത്തെ വാതിൽ കുത്തിതുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.