ആലുവ: കനത്ത മഴയിൽ ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ വൻ കൃഷിനാശം. 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും വെള്ളത്തിലായ കൃഷിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നൂറ് ഏക്കറിൽ നെല്ല് വിളയിക്കാൻ ചൂർണിക്കര പഞ്ചായത്ത് കൃഷിഭവനുമായി ചേർന്ന് അടയാളം സ്വയം സഹായസംഘം കട്ടേപ്പാടത്തും ചവർപ്പാടത്തും ഞാറ് വിതച്ചിരുന്നു. നടീൽ, ഉഴുവ്, വരമ്പ് തിരിക്കൽ, തോട് ശരിയാക്ക ൽ, കൂലിപ്പണി ഉൾപ്പെടെ 25 ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ഞാറുകളെല്ലാം വെള്ളത്തിലായെന്ന് അടയാളം ഭാരവാഹികൾ പറഞ്ഞു. വെള്ളം ഒഴുകിപ്പോകുന്നതിന് സംവിധാനമില്ലാത്തതാണ് കാരണം.
മെട്രോയാർഡുമായി ബന്ധപ്പെട്ട് ചവർപാടത്തുണ്ടായിരുന്ന തോട് വേണ്ടത്ര ആഴവും വീതിയുമില്ലാതെ ഉപയോഗശൂന്യമായത് അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ശരിയാക്കിയിട്ടില്ല. ഉത്തരവാദിത്വം ഏറ്റെടുക്കാതെ മെട്രോയും പഞ്ചായത്തും കുറ്റപ്പെടുത്തലുമായി മുന്നോട്ടുപോവുകയാണ്. മെട്രോ യാർഡിന്റെ വരവോടെ ചെറിയ മഴപെയ്താലും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകുന്നതും വീടുകളിൽ വെള്ളം കയറുന്നതും പതിവായതായായാണ് പരിസരവാസികളുടെ ആരോപണം.
12 -ാം വാർഡിലെ മണ്ണാച്ചേരിയിലെ ചില വീടുകളിലും വെള്ളം കയറി. കാളാട്ട് ചന്ദ്രബോസ്, വലിയവീട്ടിൽ ഗഫൂർ, പരിയാരത്ത് അബ്ദുൽ അസീസ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കട്ടേപ്പാടവുമായി ബന്ധിപ്പിക്കുന്ന തോട് ചെളിയും മാലിന്യവും കയറി അടഞ്ഞിരിക്കുകയാണ്. തോട് നവീകരിക്കാൻ നടപടിയുണ്ടാകണം. തൽക്കാലത്തേക്ക് ചെളിമാറ്റി നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണ് പലപ്പോഴും ശ്രമിക്കുന്നത്.
പഞ്ചായത്തിലെ മുഴുവൻ വെള്ളക്കെട്ട് പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പി
ക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.