കൊച്ചി: പോളിംഗ് ദിനത്തിലെ അതിതീവ്രമഴ വോട്ടെടുപ്പിനെ സാരമായി ബാധിച്ചതിനാൽ മണ്ഡലത്തിലെ 14 ബൂത്തുകളിൽ റീ പോളിംഗ് വേണമെന്ന് യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. അയ്യപ്പൻകാവ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ 64, 65, 66, 67, 68 നമ്പർ ബൂത്തുകൾ, കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 73- ാം നമ്പർ ബൂത്ത്, എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 93- ാം നമ്പർ ബൂത്ത്, കലൂർ സെന്റ് സേവ്യേഴ്‌സ് എൽ.പി സ്‌കൂളിലെ 113 - ാം നമ്പർ ബൂത്ത്, സെന്റ് ജോവാക്കിംഗ്സ് ഗേൾസ് യു.പി സ്‌കൂളിലെ 115- ാം നമ്പർ ബൂത്ത്, എറണാകുളം എസ്.ആർ.വി എൽ.പി സ്‌കൂളിലെ 88- ാം നമ്പർ ബൂത്ത്, കലൂർ സെന്റ് അഗസ്റ്റിൻസ് എൽ.പി സ്‌കൂളിലെ 81- ാം നമ്പർ ബൂത്ത്, പെരുമാനൂർ സെന്റ് തോമസ് ഗേൾസ് ഹൈസ്‌കൂളിലെ 94- ാം നമ്പർ ബൂത്ത്, കടവന്ത്ര ഗാന്ധിനഗർ സെൻട്രൽ സ്‌കൂളിലെ 121-ാം നമ്പർ ബൂത്ത്, മാതാനഗർ പബ്ലിക് നഴ്‌സറി സ്‌കൂളിലെ 117- ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് യു.ഡി.എഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ടോണി ചമ്മിണി റീപോളിംഗ് ആവശ്യപ്പെട്ട് കത്തയച്ചത്. കനത്ത മഴയും വൈദ്യുതി വിച്ഛേദിക്കപ്പെട്ടതും വോട്ടർമാർക്ക് എത്തിച്ചേരാൻ കഴിയാത്തതുമെല്ലാം ബൂത്തുകളിൽ പോളിംഗ് ശതമാനം തീരെ കുറയാൻ ഇടയായെന്ന് പരാതിയിൽ പറയുന്നു.