കൊച്ചി: കനത്ത മഴയിൽ തിരഞ്ഞെടുപ്പാവേശം കെട്ടടങ്ങി. പോളിംഗ് ശതമാനം കുത്തനെ ഇടിഞ്ഞത് മുന്നണികളെയും പരിഭ്രാന്തരാക്കി. മുന്നണിയുടെ പ്രധാന നേതാക്കൾ സംസാരിക്കുന്നു.
ജനങ്ങളെ വോട്ടു ചെയ്യിപ്പിക്കാൻ ജില്ലാ ഭരണകൂടം ഒന്നും ചെയ്‌തില്ല
കനത്ത മഴയിൽ ജനങ്ങളെ പോളിംഗ് ബൂത്തിലെത്തിക്കാൻ ജില്ലാ ഭരണകൂടം ഒന്നും ചെയ്‌തില്ല. വൈദ്യുതിബന്ധം വിച്‌ഛേദിക്കപ്പെട്ടെങ്കിലും ജനറേറ്റർ സംവിധാനം ഏർപ്പെടുത്തിയില്ല. വെള്ളം കയറിയ ബൂത്തുകൾ കെട്ടിടങ്ങളുടെ ഒന്നാം നിലയിലേക്ക് മാറ്റിയെന്ന് പറഞ്ഞു. എന്നാൽ വോട്ടർമാർ എങ്ങനെ എത്തുമെന്ന് ചിന്തിച്ചില്ല. സമയം കൂടുതൽ അനുവദിക്കാമെന്നും റീപോളിംഗ് നടത്താമെന്നുമുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വാക്ക് പാലിക്കപ്പെട്ടില്ല. 75 ശതമാനം പോളിംഗ് നടന്നാൽ മിന്നും വിജയമാണ് പ്രതീക്ഷിച്ചത്. അതുണ്ടാകില്ലെങ്കിലും മികച്ച ഭൂരിപക്ഷമുണ്ടാകും.
വി.ഡി. സതീശൻ എം.എൽ.എ
യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവീനർ
റീ പോളിംഗ് ആവശ്യപ്പെടില്ല
പോളിംഗ് കുറഞ്ഞത് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. എങ്കിലും പാർട്ടിക്ക് കിട്ടേണ്ട ഉറച്ച വോട്ടുകൾ ചെയ്യാനായില്ല, കലൂർ, ഗാന്ധിനഗർ, കമ്മട്ടിപ്പാടം എന്നിവിടങ്ങളിൽ നിന്ന് ഉടുതുണിയുമായി മാത്രമാണ് ആളുകൾ രക്ഷപ്പെട്ടത്. അവർക്ക് വോട്ട് ചെയ്യാനായില്ല. പലരുടെയും തിരിച്ചറിയിൽ കാർഡുകൾ വെള്ളം കയറിയപ്പോൾ നശിച്ചു. വിജയം തന്നെയാണ് പ്രതീക്ഷ.റീ പോളിംഗ് ആവശ്യപ്പെടില്ല.
സി.എൻ. മോഹനൻ
സി.പി.എം ജില്ലാ സെക്രട്ടറി
ദുരിതം ജനങ്ങളെ മാറി ചിന്തിപ്പിച്ചു
ഇന്നലെ നഗരത്തിൽ കണ്ട ദുരിതം ജനങ്ങളെ മാറി ചിന്തിപ്പിച്ചു. ഇരുമുന്നണികളും നഗരം വികസിച്ചെന്ന് പറയുമ്പോഴും അഞ്ചു മണിക്കൂർ മഴ പെയ്തപ്പോൾ നഗരം മുങ്ങി. ഇത് തിരിച്ചറിഞ്ഞാണ് ജനങ്ങൾ വോട്ടു ചെയ്യാനെത്തിയത്. രാജഗോപാലിന്റെ വ്യക്തിബന്ധങ്ങളും പാർട്ടിയുടെ സംഘടനാവർക്കും വോട്ടായി മാറും. വിജയം തന്നെയാണ് പ്രതീക്ഷ. റീ പോളിംഗ് ആവശ്യപ്പെടില്ല.
വി.എൻ. വിജയൻ
ബി.ജെ.പി ആക്‌ടിംഗ് ജില്ലാ പ്രസിഡന്റ്